സർവകലാശാല നിയമങ്ങൾ അട്ടിമറിച്ച് കെ ടി ജലീൽ; മന്ത്രിയുടെ ഓഫീസിൽ വച്ച് അദാലത്ത് നടത്താനൊരുങ്ങി

By Web TeamFirst Published Dec 6, 2019, 1:11 PM IST
Highlights

വിവാദങ്ങള്‍ കത്തിനില്‍ക്കേ സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന ഫയലുകള്‍ അദാലത്ത് നടത്താൻ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിക്കാൻ രജിസ്ട്രാര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.

കോട്ടയം: സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. വിവാദങ്ങള്‍ കത്തിനില്‍ക്കേ സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന ഫയലുകള്‍ അദാലത്ത് നടത്താൻ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിക്കാൻ രജിസ്ട്രാര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. ഉദ്യോഗസ്ഥര്‍ ഫയലുകളെത്തിച്ചെങ്കിലും അദാലത്ത് പിന്നീട് ഉപേക്ഷിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ഒക്ടോബര്‍ 16ന് പ്രിൻസിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നതിങ്ങനെ:
എല്ലാ സര്‍വകലാശാല രജിസ്ട്രര്‍മാരും ഒക്ടോബര്‍ 25 ന് മന്ത്രിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന അദാലത്തില്‍ ഫയലുകളുമായി എത്തണം. ഫയലുകള്‍ പൂര്‍ണ്ണവും വ്യക്തവുമാകണം. എതൊക്കെ ഫയലുകളണ് എത്തിക്കേണ്ടതെന്നതിന്‍റെ നാല് പേജ് തുടര്‍ച്ചയാണ് പിന്നീട്. അവയില്‍ ചിലത് ഇവയൊക്കെയാണ്. 

  • എംജിയിലേയും ശങ്കരാചാര്യയിലേയും അസിസ്റ്റന്‍റ് നിയമനങ്ങളെ സംബന്ധിക്കുന്ന ഫയല്‍.
  • കേരളയിലെ ബിഎഡിന്‍റെ ചില ഫയലുകള്‍,കുസാറ്റിലെ ചില ഓഡിറ്റ് രേഖകള്‍.
  • കാലിക്കറ്റിലേയും കണ്ണൂരിലേയും പരീക്ഷകളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍.

ഈ ഫയലുകളോടൊപ്പം രജിസ്ട്രാര്‍മാരും ബന്ധപ്പെട്ട സെക്ഷൻ ഓഫീസര്‍മാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ അദാലത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം.എംജിയിലെ മാര്‍ക്ക് ദാനം വലിയ വിവാദമായ ഒക്ടോബര്‍ മാസത്തിലായരുന്നു ഈ ഉത്തരവ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എംജി സര്‍വകലാശാല അനൗദ്യോഗികമായി ഈ അദാലത്ത് നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.

മറ്റ് രണ്ട് സര്‍വകലാശാലകളിലെ വൈസ്ചാൻസിലര്‍മാരും എതിര്‍പ്പറിയിച്ചു. എങ്കിലും ഉന്നത വിദ്യഭ്യാസ വകുപ്പ് പിൻമാറിയില്ല ശങ്കരാചാര്യ , കണ്ണൂര്‍, എംജി എന്നിവിടങ്ങളില്‍ നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് ഫയലുകളെത്തുകയും ചെയ്തു. പിന്നീട് മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദാലത്തായി നടത്താതെ ഫലയുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാതെ മടക്കി എന്നാണ് വിവരം.

click me!