മാര്‍ക്ക്ദാന ബിരുദം പിന്‍വലിക്കുന്നതില്‍ കള്ളക്കളി: ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

By Web TeamFirst Published Dec 6, 2019, 12:59 PM IST
Highlights

സര്‍വ്വകലാശാല ഒരിക്കല്‍ നല്‍കിയ ബിരുദവും ഡിപ്‌ളമോയും പിന്‍വലിക്കാനുള്ള അധികാരം ഗവണര്‍ക്കാണ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സിന്‍ഡിക്കേറ്റ് അങ്ങനെ തീരുമാനിച്ചാല്‍....

തിരുവനന്തപുരം: എം ജി സര്‍വ്വകലാശാല നിയമവിരുദ്ധമായി നടത്തിയ മാര്‍ക്ക് ദാനം പിന്‍വലിക്കാനെടുത്ത തീരുമാനം നിയമാനുസൃതമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം നിലനില്‍ക്കുകയില്ലെന്നും ഇത് കള്ളക്കളിയാണെന്നും കാണിച്ച് ചെന്നിത്തല സര്‍വ്വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

സര്‍വ്വകലാശാല ഒരിക്കല്‍ നല്‍കിയ ബിരുദവും ഡിപ്‌ളമോയും പിന്‍വലിക്കാനുള്ള അധികാരം ഗവണര്‍ക്കാണ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സിന്‍ഡിക്കേറ്റ് അങ്ങനെ തീരുമാനിച്ചാല്‍ അത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കുട്ടികള്‍ക്ക് കോടതിയില്‍ പോകാനും തീരുമാനം റദ്ദാക്കിക്കാനും കഴിയും. സര്‍വ്വകലാശാല വളഞ്ഞ വഴിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് അത്  തന്നെയാണെന്നാണ് കരുതേണ്ടതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

1985 ലെ എം ജി സര്‍വ്വകലാശാലാ ആക്ട് സെക്ഷന്‍ 23 ല്‍  സ്റ്റാറ്റിയൂട്ട് അനുസരിച്ച് മാത്രമേ ബിരുദവും ഡിപ്‌ളമോയും മറ്റും ക്യാന്‍സല്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യുന്നു. 1997 ലെ സ്റ്റാറ്റിയൂട്ടിലാകട്ടെ ബിരുദവും ഡിപ്‌ളമോയും മറ്റും ക്യാന്‍സല്‍ ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നും പറയുന്നു. ഇവിടെ അത് കൂടാതെയാണ് മാര്‍ക്ക് ദാനത്തിലൂടെ നല്‍കിയ ബിരുദങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ സര്‍വ്വകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്. അതിനാല്‍ ഇത് സംബന്ധിച്ച് സര്‍വ്വകലാശാല പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം റദ്ദാക്കണമെന്നാണ് പ്രതിപക്ഷ നേതാവ കത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍  സര്‍വ്വകലാശാലകളില്‍ പങ്കെടുക്കുകുയും ഫയലുകള്‍ വിളിച്ചു വരുത്തുകയും ചെയ്തതിന്റെ തെളിവായി ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറും പ്രതിപക്ഷ നേതാവ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. സര്‍വ്വകലാശാലയില്‍ നിശ്ചിത സമയക്രമം നിശ്ചയിച്ച് ആ തീയതികളില്‍ അദാലത്തുകള്‍ നടത്താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാനത്തെ  സര്‍വ്വകലാശാലാ രജിസ്ര്ടാര്‍മാര്‍ക്ക്  നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. അദാലത്തുകളില്‍ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകള്‍ മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നല്‍കാവുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്ന വിവരവും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

click me!