'വയനാട് മെഡിക്കല്‍ കോളേജ്'; ഇടപെടുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായി ഷഹല ഷെറിന്‍റെ കുടുംബം

By Web TeamFirst Published Dec 6, 2019, 12:56 PM IST
Highlights

ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഷഹല ഷെറിൻ എന്ന പത്ത് വയസ്സുകാരി മരിച്ചത് കഴിഞ്ഞ മാസമാണ്. 

ബത്തേരി: വയനാട് ബത്തേരിയില്‍ സ്‍കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ കുടുംബത്തെ വയനാട് എംപി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വയനാട് മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം നടപ്പാക്കാൻ ഇടപെടുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി ഷഹലയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഷഹലക്ക് പാമ്പ് കടിയേറ്റ ബത്തേരിയിലെ സര്‍വ്വജന സ്കൂളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഷഹല ഷെറിൻ എന്ന പത്ത് വയസ്സുകാരി മരിച്ചത് കഴിഞ്ഞ മാസമാണ്. അധ്യാപകരുടെയും ഡോക്ടർമാരുടെയും അനാസ്ഥയെ തുടർന്നാണ് ഷഹല മരിച്ചതെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സംസ്ഥാനത്തെമ്പാടും വൻപ്രതിഷേധങ്ങളാണ് നടന്നത്. സുൽത്താൻ ബത്തേരി സർവ്വജന ​ഗവൺമെന്‍റ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഷഹല. 

വയനാട് സന്ദർശിക്കുന്ന അവസരത്തിൽ ഷഹലയുടെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കാണുമെന്ന് നേരത്തെ രാഹുൽ​ഗാന്ധി ഉറപ്പ് നൽകിയിരുന്നു. കൂടാതെ നാശാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം പുനർനിർമ്മിക്കാൻ ഫണ്ട് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. 

click me!