ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ല; ആവര്‍ത്തിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 17, 2020, 7:19 PM IST
Highlights

ജലീലിനെതിരെ ഒരു കേസും ഇപ്പോള്‍ നിലവില്‍ ഇല്ല. ഖുറാന്‍ വേണം, സക്കാത്ത് വേണം എന്നൊന്നും ജലീല്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. 

തിരുവനന്തപുരം: എന്‍ഐഎ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിലെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത സംഭവത്തില്‍ ജലീലിനെ പിന്തുണയ്ക്കുന്ന മുന്‍നിലപാട് തന്നെ തുടര്‍ന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ജലീലില്‍ നിന്നും ചില വിവരങ്ങള്‍ അറിയാന്‍ എന്‍ഐഎ വിളിപ്പിച്ചതായി അറിയുന്നത്. എന്തിനാണ് വിളിച്ചത് എന്നത് അദ്ദേഹവുമായി സംസാരിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കൂ. അതേ സമയം ജലീലിനെ സാക്ഷിയായി ആണോ എന്‍ഐഎ വിളിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹവുമായി സംസാരിച്ച് മറുപടി പറയാം എന്നാണ് മുഖ്യമന്ത്രി അതേസമയം വ്യക്തമാക്കിയത്. ജലീലിന്‍റെ രാജിയുടെ കാര്യത്തിലടക്കം മുന്‍ നിലപാടില്‍ തുടരുന്നുവന്നും മുഖ്യമന്ത്രി പറഞ്ഞു.

"

ജലീലിനെതിരെ ഒരു കേസും ഇപ്പോള്‍ നിലവില്‍ ഇല്ല. ഖുറാന്‍ വേണം, സക്കാത്ത് വേണം എന്നൊന്നും ജലീല്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ അദ്ദേഹം അത് വിതരണം ചെയ്തതില്‍ ഒരു അപാകതയും ഇല്ല. ഇതില്‍ കോണ്‍ഗ്രസോ, ബിജെപിയോ പരാതി നല്‍കുന്നത് സ്വഭാവികമാണ്. എന്നാല്‍ ലീഗ് ഇതില്‍ എടുക്കുന്ന നിലപാട് എന്താണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. വിഷയത്തില്‍ കോലീബി സംഖ്യം എന്ന ആരോപണവും പ്രത്യക്ഷമായി മുഖ്യമന്ത്രി ഉന്നയിച്ചു.

ജലീല്‍ ഖുറാന്‍ വിതരണം ചെയ്തതില്‍ ഒരു അസ്വഭാവികതയും ഇല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച മുഖ്യമന്ത്രി അദ്ദേഹം ഈ കാര്യത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്ന് പ്രതികരിച്ചു. ജലീല്‍ ആവശ്യപ്പെട്ടിട്ടാണ് ഖുറാന്‍ വാങ്ങിയതെന്ന ചിലരുടെ ഇപ്പോഴത്തെ വാദം അദ്ദേഹം ഈ വിതരണത്തില്‍ ഒരു വേര്‍തിരിവും കാണിച്ചില്ലെന്നതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിക്ക് ഒന്നും ഒളിപ്പിക്കാന്‍ ഇല്ലെന്നും അതിനാലാണ് അദ്ദേഹം ഈ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജറാകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ എന്തിനാണ് പാതിരയ്ക്ക് തന്നെ മന്ത്രി എന്‍ഐഎയ്ക്ക് മുന്നില്‍ ഹാജറാകാന്‍ പോയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ, ഇപ്പോഴത്ത ചില സാഹചര്യങ്ങളുണ്ട്. ജലീലിന് സുരക്ഷയൊരുക്കാന്‍ പ്രയാസം ഇല്ല. എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടലിനെതിരായ കരുതലിന്‍റെ ഭാഗമായിരിക്കാം ഈ തീരുമാനമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

അതേ സമയം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എൻ ഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.ചിരിച്ച് കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറിൽ പുറത്തേക്ക് പോയി. പുറത്ത് പ്രതിഷേധം തുടരുകയാണ്. എട്ട് മണിക്കൂറ്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി പുറത്തിറങ്ങിയത്. അദ്ദേഹം തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നതെന്നാണ് സൂചന. ഇന്ന് മന്ത്രിയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചശേഷമാകും കൂടുതൽ നടപടികളിലേക്ക് എൻഐഎ കടക്കുക. 

click me!