
മലപ്പുറം: മദനിക്കൊപ്പമുള്ള തന്‍റെ ചിത്രവും വച്ച് ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചയാൾക്ക് ജെ ടി ജലീലിന്‍റെ മറുപടി. സ്ക്രീൻ ഷോട്ട് പങ്കുവച്ച് ജലീൽ, ഭഗവത് ഗീതയിലെ വരികളിലൂടെയാണ് അഡ്വ. കൃഷ്ണരാജിന് മറുപടി നൽകിയിരിക്കുന്നത്. എത്രമാത്രം വർഗീയ വിഷം പേറുന്നവരാണ് സംഘികൾ എന്നത് വ്യക്തമാക്കുന്നതാണ് സ്ക്രീൻ ഷോട്ട് എന്ന് പറഞ്ഞ ജലീൽ, ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്നത് പാപമായി കരുതുന്ന ഹൈന്ദവ സനാതന മൂല്യങ്ങളും സംഘികളുടെ വിഷലിപ്തമായ മനസ്സും തമ്മിൽ എന്ത് ബന്ധമെന്നും ചോദിച്ചു.
ജലീലീന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
എത്രമാത്രം വർഗീയ വിഷം പേറുന്നവരാണ് സംഘികൾ എന്നതിന് താഴെ കൊടുത്തിട്ടുള്ള എഫ് ബി സ്ക്രീൻ ഷോട്ട് തന്നെ ധാരാളം.
ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്നത് പാപമായി കരുതുന്ന ഹൈന്ദവ സനാതന മൂല്യങ്ങളും സംഘികളുടെ വിഷലിപ്തമായ മനസ്സും തമ്മിൽ എന്ത് ബന്ധം?
"ഹേ യഥാമാം പ്രപത്യന്തെ
ഥാം സ്ഥദൈവ ഭജാമ്യഹം
മമ വർത്മാനു വർത്തന്തെ
മനഷ്യാ പാർത്ഥ സർവശ"
ഭഗവത് ഗീതയിലെ ദൈവം പറയുന്നു:
''ദൈവ സന്നിധിയിലെത്താൽ ഏതേത് മാർഗ്ഗങ്ങളാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിലും ആത്യന്തികമായി നിങ്ങൾ എൻ്റെ മാർഗ്ഗത്തിലാണുള്ളത്".
ദൈവ സമീപ്യത്തിന് ഏതേത് വിശ്വാസ ധാരയാണ് മനുഷ്യൻ പുൽകുന്നതെങ്കിലും അവരെല്ലാം എൻ്റെ വഴിയിലാണെന്ന് ഉൽഘോഷിക്കുന്ന ഭഗവത് ഗീതയിലെ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇത്രമാത്രം വർഗീയമായി ചിന്തിക്കാൻ കഴിയുന്നത് എങ്ങിനെയാണ്?
ആർ.എസ്.എസിൻ്റെ വെറുപ്പിൻ്റെ വിശ്വാസ ധാരയേയും ബി.ജെ.പിയുടെ വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെയും എതിർക്കുന്നതാണ് "തീവ്രവാദി" "ഭീകരവാദി" എന്നൊക്കെയുള്ള എനിക്കെതിരെയുള്ള വിളികൾക്കാധാരമെങ്കിൽ അതിനെ ''പുല്ല്" പോലെ കരുതാനാണ് എനിക്കിഷ്ടം. ആ വിളി ഭയന്ന് സംഘികൾക്കെതിരെ മൗനമവലംബിക്കുന്ന പ്രശ്നമേയില്ല. തല പോയാലും.
മഅദനി കുറ്റക്കാരനെങ്കിൽ വിചാരണ നടത്തി ശിക്ഷിക്കട്ടെ. അദ്ദേഹത്തെ കൊല്ലാകൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണം. മഅദനി കുറ്റവാളിയെങ്കിൽ എന്തിന് കർണ്ണാടക സർക്കാർ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു? അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന കുറ്റത്തിൽ ഒരു തെളിവു പോലും അധികാരികളുടെ കയ്യിൽ ഇല്ല. അതുകൊണ്ട് മാത്രമാണ് വിചാരണ അനന്തമായി നീളുന്നത്.
കേരളത്തിൽ ചികിൽസ തേടാൻ മഅദനിക്ക് മൂന്ന് മാസം അനുവദിച്ച സുപ്രീംകോടതി വിധി അഭിനന്ദനാർഹമാണ്.