
മലപ്പുറം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നടത്തിയ ഭീകരവാദി പരാമര്‍ശത്തില്‍ തത്കാലം നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കെടി ജലീല്‍. നിയമനടപടി വേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനം. ജലീല്‍ എന്ന പേരുകാരനായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പില്‍ പോകാന്‍ മനസ് അനുവദിക്കുന്നില്ലെന്നും ജലീല്‍ പറഞ്ഞു. ഇത് തന്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരുടെയെല്ലാം ഉല്‍കണ്ഠയാണെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു. നിയമ നടപടിയെ കുറിച്ച് സൂചിപ്പിച്ച്, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത വി.ടി ബല്‍റാം അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും ജലീല്‍ പറഞ്ഞു.
കെടി ജലീല്‍ പറഞ്ഞത്: ''തല്‍ക്കാലം നിയമനടപടി വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ തീരുമാനം. ജലീല്‍ എന്ന പേരുകാരനായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പില്‍ പോകാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതെന്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരുടെയെല്ലാം ഉല്‍കണ്ഠയാണ്. ജീവിതത്തില്‍ ഇന്നോളം ഒരാളെ 'തോണ്ടി' എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതായുള്ള കേസിലോ ഞാന്‍ പ്രതിയായിട്ടില്ല.''
''ഭീകരവാദ ബന്ധം ഉള്‍പ്പടെ അന്വേഷിക്കുന്ന എന്‍.ഐ.എ അടക്കം മൂന്ന് അന്വേഷണ ഏജന്‍സികള്‍ ഏകദേശം 40 മണിക്കൂര്‍ എന്നില്‍ നിന്ന് വിവര ശേഖരണം നടത്തിയിട്ടും ഒരു തരിമ്പെങ്കിലും എന്റെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്തുകയുമില്ല. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. ടാക്‌സ് അടക്കാത്ത ഒരു രൂപ പോലും കൈവശമില്ല. കിട്ടുന്ന പരിമിതമായ വരുമാനത്തിന്റെ പരിതിക്കുള്ളില്‍ ഒതുങ്ങിനിന്നേ ജീവിച്ചിട്ടുള്ളൂ. കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ ബാങ്ക് എക്കൗണ്ടുകള്‍ മുടിനാരിഴകീറി സസൂക്ഷ്മം നോക്കി. ഞാന്‍ അനുഭവിക്കുന്ന സ്വത്തുവഹകളും വീട്ടിനകത്തെ ഉപകരണങ്ങളും കണക്കെടുത്ത് പരിശോധിച്ചു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് പകല്‍ വെളിച്ചം പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാനായി.''
''കോണ്‍ഗ്രസ്സിനെയും ലീഗിനേയും ഞാന്‍ വിമര്‍ശിക്കാറുണ്ട്. ബി.ജെ.പിയേയും സംഘ്പരിവാര്‍ ശക്തികളെയും ശക്തമായി എതിര്‍ക്കാറുണ്ട്. മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരെയും മതരാഷ്ട്രവാദികളെയും നിര്‍ദാക്ഷിണ്യം തുറന്നുകാട്ടാറുണ്ട്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ കൊല്ലുന്നെടത്തോളം കാലം, സാധാരണ മനുഷ്യരുടെ വീടുകളും സ്വത്തുക്കളും അഗ്‌നിക്കിരയാക്കുന്നെടത്തോളം കാലം, സഹോദ മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നെടത്തോളം കാലം, ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നെടത്തോളം കാലം, പല്ലും നഖവും ഉപയോഗിച്ച് അത്തരം കാട്ടാളത്തങ്ങളെ എതിര്‍ക്കും. അതിന്റെ പേരില്‍ ഏത് 'മുദ്ര' പതിച്ച് തന്നാലും എനിക്കതൊരു പ്രശ്‌നമല്ല. ഞാനാരാണെന്ന് എന്നെ അറിയുന്ന ജനങ്ങള്‍ക്കറിയാം. ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതന്‍ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വര്‍ഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ല. കാരണം, ഈ നാട്ടിലാണ് എന്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam