കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി; സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു

By Web TeamFirst Published Nov 29, 2022, 10:37 AM IST
Highlights

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. വിധിക്കെതിരെ നേരത്തെ മുൻ വിസി ഡോ. രാജശ്രീയും പുനഃപരിശോധന ഹർജി നൽകിയിരുന്നു.

ദില്ലി: സാങ്കേതിക സർവകലാശാല (കെടിയു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനപരിശോധന ഹർജി ഫയൽ ചെയ്തത്. നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി നൽകിയത്. വിധിക്കെതിരെ നേരത്തെ മുൻ വിസി ഡോ. രാജശ്രീയും പുനഃപരിശോധന ഹർജി നൽകിയിരുന്നു. സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നു. 

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീംകോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ വിഷയം  ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും ഹര്‍ജിയില്‍ കേരളം പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നുണ്ടെന്നാണ് വിവരം .

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാൽ പുനഃപരിശോധന ഹർജിയിൽ രാജശ്രീ ചൂണ്ടിക്കാട്ടുന്നത് സാങ്കേതിക വിഷയങ്ങളാണ്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് സെലക്ഷന്‍ കമ്മിറ്റിയാണ്. ആ നടപടിയിലെ പിഴവിന് താൻ ഇരയായി എന്നാണ് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നത്. 

സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലോ, ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതോ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെങ്കിൽ ആ നടപടിയിൽ തനിക്ക് പങ്കില്ലെന്നും രാജശ്രീ സമർപ്പിച്ച റിവ്യൂവിൽ പറയുന്നു. രാജശ്രീയുടെ നിയമനം അസാധുവാണെന്നാണ് വിധിയിൽ പറഞ്ഞിരുന്നത്. നാല് വർഷം വിസിയായിരുന്ന തനിക്ക് ശമ്പളവും മറ്റു അനൂകൂല്യവും നൽകിയിരുന്നു. വിധിക്ക് മുൻകാല പ്രാബല്യം നൽകിയാൽ ഇവ തിരിച്ചടക്കേണ്ടിവരും അതിനാൽ മുൻകാലപ്രാബ്യല്യം നൽകരുതെന്നും ഹർജിയിൽ പറയുന്നു. വിധികാരണം സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ടെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. 

Also Read: 'സീനിയോരിറ്റിയിൽ ഡോ. സിസ തോമസിന്റെ സ്ഥാനം നാലാമത്'; കെടിയു താല്‍ക്കാലിക വിസി നിയമനത്തിൽ ഗവർണർ കോടതിയിൽ

അതേസമയം, സാങ്കേതിക സർവകലാശാല താൽക്കാലിക  വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. തങ്ങൾ  ശുപാ‍ർശ ചെയ്തവരെ  തളളിക്കളഞ്ഞ്  സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ നി‍ർദേശിച്ചവർക്ക് വേണ്ടത്ര യോഗ്യതയില്ലായിരുന്നെന്നും അതിനാലാണ്  സിസ തോമസിനെ കണ്ടെത്തിയതെന്നുമാണ് ഗവർണർ കോടതിയെ അറിയിച്ചത്. വിസി നിയമനത്തിലെ സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ അനാവശ്യമായിപ്പോയെന്ന് കോടതി ഇന്നലെ വാദത്തിനിടെ പറഞ്ഞിരുന്നു.  

click me!