
തിരുവനന്തപുരം: കെടിയു താത്കാലിക വിസി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. ഹൈക്കോടതി വിധി പ്രകാരമാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. രാജ്ഭവൻ അപ്പീലിന് പോകും മുൻപാണ് സർക്കാർ പട്ടിക നൽകിയത്. മൂന്ന് അംഗ പാനലാണ് സർക്കാർ ഗവർണർക്ക് കൈമാറിയത്.
പട്ടികയിലെ പേരുകൾ
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സി നിയമനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലായിരുന്നു നീക്കം. സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടരുതെന്ന് ഓർമിപ്പിച്ച കോടതി, സ്ഥിരം വിസിമാരില്ലാത്തത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഓർമിപ്പിച്ചു.
സർവ്വകലാശാലകളിലെ തന്ത്രപ്രധാന പദവികളിൽ സർക്കാരിനോ ചാൻസിലർക്കോ അധികാരമെന്ന തർക്കങ്ങൾക്കിടെയാണ് ഹൈക്കോടതി വിധി. ഇതോടെ ഡിജിറ്റൽ, ടെക്നിക്കൽ യൂണിവേഴ്സിറ്റി വിസിമാരായ ഡോ. സിസ തോമസ്സും ഡോ. എ ശിവപ്രസാദും പദവിയിൽ നിന്ന് പുറത്താകും.
സംസ്ഥാനത്തെ 13 ൽ 12 ഇടത്തും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന പ്രശ്നങ്ങളും കോടതി ഇന്ന് ഓർമിപ്പിച്ചു. സർവ്വകലാശാലകളുടെ കാവൽക്കാരനാണ് വൈസ് ചാൻസിലർ. ഈ പദവി ദീർഘ നാൾ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാർത്ഥികളുടെ താത്പര്യത്തെ പ്രതികൂലമായി ബാധിക്കും. താത്കാലിക വിസി നിയമനം താത്കാലിക സംവിധാനം മാത്രമാണ്. ഇത് ആറ് മാസത്തിൽ അധികം നീളരുത്. സ്ഥിരം വി.സി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam