'ആരംഭം 1998ൽ, ഇന്ന് 46 ലക്ഷം അംഗങ്ങൾ, അന്താരാഷ്ട്രതലത്തിലും പ്രശംസകൾ'; കുടുംബശ്രീക്ക് ആശംസകളുമായി മുഖ്യമന്ത്രി

Published : May 17, 2024, 04:02 PM IST
'ആരംഭം 1998ൽ, ഇന്ന് 46 ലക്ഷം അംഗങ്ങൾ, അന്താരാഷ്ട്രതലത്തിലും പ്രശംസകൾ'; കുടുംബശ്രീക്ക് ആശംസകളുമായി മുഖ്യമന്ത്രി

Synopsis

സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറിയെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ഇന്ന് 26 വയസ് തികയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക തലത്തില്‍ സംരംഭങ്ങള്‍ ആരംഭിച്ചു കൊണ്ട് തുടങ്ങിയ കുടുംബശ്രീ, ഇന്ന് നിയമസഹായവും കൗണ്‍സലിംഗും വായ്പാ സംവിധാനവും സാംസ്‌കാരിക പ്രവര്‍ത്തനവുമായി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 1998ല്‍ ആരംഭിച്ച കുടുംബശ്രീയില്‍ മൂന്ന് ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം പേര്‍ അംഗങ്ങളാണ്. സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറി. കുടുംബശ്രീയെ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി വരുകയാണെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ കുറിപ്പ്: 'സംഘടിത സ്ത്രീ മുന്നേറ്റത്തിന് കേരളം ലോകത്തിന് നല്‍കിയ മഹത്തായ മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 26 വയസ്സ് തികയുകയാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടല്‍ ശേഷി ശക്തിപ്പെടുത്തി അതുവഴി അവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്ന വലിയ കൂട്ടായ്മയാണ് കുടുംബശ്രീ. 1998 ല്‍ ആരംഭിച്ച കുടുംബശ്രീയില്‍ ഇന്ന് 3 ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം പേര്‍ അംഗങ്ങളാണ്.'

'കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറിക്കഴിഞ്ഞു. പ്രാദേശിക തലത്തില്‍ സ്ത്രീകളുടെ സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് തുടങ്ങിയ ഈ പ്രസ്ഥാനം നിയമ സഹായവും കൗണ്‍സലിംഗും വായ്പാ സംവിധാനവും സാംസ്‌കാരിക പ്രവര്‍ത്തനവുമെല്ലാമായി വിവിധ തുറകളില്‍ ഇടപെടുന്നു. നാട് മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും നേരിട്ട കാലത്ത്ര ക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും മുന്നില്‍ നിന്നവരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. മിതമായ വിലയില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഹോട്ടലുകള്‍ നാട് ഏറ്റെടുത്തു കഴിഞ്ഞതാണ്. മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ വീടുകളിലെത്തി വേര്‍തിരിച്ച മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മസേന വലിയ പ്രശംസ ഏറ്റുവാങ്ങി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുകയാണ്. '

'കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ വലിയൊരു ദൃഷ്ടാന്തമാണ് കുടുംബശ്രീ പ്രസ്ഥാനം. സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രാഥമിക ഇടപെടലുകളിലൊതുക്കാതെ അവരുടെ സാമൂഹികമായ ക്രയവിക്രയശേഷിയും സംഘടിത പ്രസ്ഥാനങ്ങള്‍ നയിക്കാനുള്ള നേതൃ പാടവത്തെയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വലിയ ചരിത്രമുന്നേറ്റമായി കുടുംബശ്രീ മാറി. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസ നേടിയ നമ്മുടെ കുടുംബശ്രീ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമുള്ള വിവിധ ഇടപെടലുകള്‍ നടത്തിവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ആ പരിശ്രമങ്ങള്‍ക്ക് ഈ ദിനം കരുത്തു പകരും.'
 

പരസ്യചിത്രത്തില്‍ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു; മലയാളി മോഡലിനെതിരെ ചെന്നൈയില്‍ പീഡന ശ്രമം 
 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം