
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുട്ടിയെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭർത്താവിനെതിരെ മധ്യപ്രദേശിൽ ചുമത്തിയിട്ടുള്ളത്. അതിനാൽ കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പൊലീസിന് കഴിയും.
അതേസമയം, ഫർമാൻ ഖാൻ്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്താൽ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രതികരിച്ചിരുന്നില്ല. അതിനിടെ, പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ടവർ ലൊക്കേഷൻ പ്രകാരം കൊച്ചിയിൽ തന്നെയുള്ള പെൺകുട്ടി എവിടെയാണ് എന്നതിനെ കുറിച്ച് അറിയില്ലെന്നാണ് കേരള പൊലീസും പറയുന്നത്.
കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് കേരള പൊലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈറൽ താരം, മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി സമർപ്പിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവിൽ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam