
കൊച്ചി: മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകനെതിരെയടക്കം കോടതിയിൽ രഹസ്യ മൊഴി നൽകി കുംഭമേള വൈറൽ താരം. സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വി എച്ച് പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് എറണാകുളം സി ജെ എം കോടതിയിലെ മജിസ്ട്രേറ്റിന് മുന്നിലെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയാകും മുമ്പാണ് കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ചുമത്തിയ പോക്സോ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടി എറണാകുളം സി ജെ എം കോടതിക്ക് മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്.
ഈ കേസില്‍ രഹസ്യമൊഴി നല്‍കുന്ന ഘട്ടത്തിൽ പെൺകുട്ടി തന്‍റെ പ്രായവുമായി ബന്ധപ്പെട്ട രേഖകളും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യമടക്കം പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. തന്‍റെ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചുമത്തിയ കേസെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പ്രായപൂർത്തിയാകും മുന്നേയാണ് വിവാഹം നടന്നതെന്ന വിവാദം നുണപ്രചരണമാണെന്നാണ് വൈറൽ താരം പ്രതികരിച്ചത്. ബി ജെ പിയുടെ രാഷ്ട്രീയം ആണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള കേസിന് പിന്നിലെന്നും പെൺകുട്ടി അഭിപ്രായപ്പെട്ടു. ദൈവത്തെ ഓർത്ത് തനിക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. പെണ്‍കുട്ടിക്ക് 7 വയസുളളപ്പോള്‍ എടുത്ത ആധാര്‍ കാര്‍ഡടക്കമുളള രേഖകള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കിയതായി അഭിഭാഷകന്‍ അറിയിച്ചു. വ്യാജരേഖകളുണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. മധ്യപ്രദേശ് പൊലീസ് എടുത്ത പോക്സോ കേസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് അന്വേഷണത്തിന് കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും കഴിഞ്ഞിരുന്നില്ല.
നേരത്തെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയിലെ കേസിൽ ഉടൻ മറുപടി നൽകാൻ മധ്യപ്രദേശ് പൊലീസിന് ദേശീയ പട്ടികവർഗ കമ്മീഷൻ ഉത്തരവ് നൽകി. കേരള ഹൈക്കോടതിയിലെ കേസിലാണ് ഉടൻ മറുപടി നൽകേണ്ടത്. മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണം. വിവാഹത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. മധ്യപ്രദേശ് പൊലീസിന്റെ അന്വേഷണത്തിന് പൂർണ്ണ സഹകരണം നൽകാൻ കേരള പൊലീസിനോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇരു പൊലീസ് സേനകളുടെയും ഹിയറിങ്ങിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam