
ബെംഗളൂരു:ബെംഗളൂരു ബിടിഎൽ നഴ്സിംഗ് കോളേജിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥി തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന്‍റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ആദിത്യന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബെംഗളൂരു ബിടിഎൽ നഴ്സിങ് കോളേജ് വിദ്യാർത്ഥി 19കാരൻ ആദിത്യന്‍റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളേജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. അറിയിപ്പ് ലഭിച്ച കുടുംബം ഇന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം അറിഞ്ഞത്. ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സഹപാഠികൾ നൽകിയിരിക്കുന്ന മൊഴി. തലേദിവസമടക്കം വീഡിയോ കോൾ വഴി സന്തോഷത്തോടെ സംസാരിച്ചിരുന്നു ആദിത്യൻ. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നാണ് പിതാവ് പ്രദീപിന്‍റെ വാദം.
ആദിത്യന്‍റെ മരണത്തിൽ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ കുടുംബത്തോട് പൊലീസും തണുപ്പൻ നിലപാടാണ് സ്വീകരിച്ചത്. ഏറെനേരം കാത്തിരുത്തിയ പൊലീസുകാർ കോളേജ് അധികൃതർക്കെതിരെ പരാതി സ്വീകരിക്കാൻ മടികാണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ്.
ഹോസ്റ്റൽ മുറിയിൽ ഒപ്പം താമസിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യത്യനുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. സംഭവം പുറത്തായതോടെ ആദിത്യനും ഇതിൽ പങ്കുണ്ടെന്ന് വരുത്തി തീർക്കുകയായിരുന്നു ഈ സംഘം. ഈ പ്രശ്നത്തിൽ ആദിത്യൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി കുടുംബം വ്യക്തമാക്കി. രണ്ടാം വർഷ ബി എസ് സി നഴ്സിങിന് പഠിക്കുന്ന ആദിത്യൻ വിഷുവിനാണ് അവസാനമായി നാട്ടിലെത്തിയത്. അച്ഛൻ പ്രദീപ് പെയിന്ററാണ്. അമ്മ അശ്വതിയും പ്ലസ് ടു പഠനം പൂർത്തിയാക്കിയ സഹോദരിയും അടങ്ങുന്നതാണ് ആദിത്യന്‍റെ കുടുംബം. ബംഗളൂരു സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam