കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ, കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തിൽ ചുമത്താവുന്ന വകുപ്പുകൾ എണ്ണിപ്പറഞ്ഞ് മുൻ ഡ‍ിജിപി

Published : Apr 11, 2026, 10:14 AM IST
kumbh mela viral star

Synopsis

കുംഭമേള വൈറൽ താരമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിൽ സിപിഎം നേതാക്കൾ വെട്ടിലായി. പോക്സോ കേസിനു പുറമെ പട്ടിക വർഗ പീഡന നിയമപ്രകാരവും കേസെടുക്കുമെന്ന സൂചനകൾക്കിടെ, സംഭവത്തിൽ ചുമത്താവുന്ന വിവിധ നിയമ വകുപ്പുകൾ മുൻ ഡിജിപി ടി.പി. സെൻകുമാർ വിശദീകരിക്കുന്നു.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹം വലിയ വിവാദമാകുമ്പോൾ സിപിഎം നേതാക്കൾ വെട്ടിൽ. വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം കല്യാണത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കൾ, കേസിലും വിവാദത്തിലും പ്രതികരിക്കാതെ മൗനം തുടരുകയാണ്. ഇതിനിടെ വിഷയത്തിൽ ഏതൊക്കെ വകുപ്പുകൾ ചുമത്താമെന്ന വിശദീകരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്ത് വന്നു. 2012ലെ പോക്സോ നിയമം മുതൽ പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത വരെയുള്ള നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകളാണ് ചുമത്താൻ കഴിയുന്നത്.

സെൻകുമാര്‍ വിശദീകരിച്ച വകുപ്പുകൾ

പോക്സോ നിയമം, 2012 (ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം)

സെക്ഷൻ 19 (റിപ്പോർട്ട് ചെയ്യാനുള്ള നിർബന്ധിത ചുമതല): ഒരു കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായോ അല്ലെങ്കിൽ നടക്കാൻ സാധ്യതയുള്ളതായോ അറിവോ സംശയമോ ഉള്ള ഏതൊരാളും അത് പൊലീസിലോ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിലോ അറിയിച്ചിരിക്കണം. ഇത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാർഹമാണ്. വിവരം നൽകുന്ന വ്യക്തിക്ക് പൊലീസ് സംരക്ഷണം നൽകണം.

സെക്ഷൻ 4: കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് നൽകുന്ന ശിക്ഷ.

സെക്ഷൻ 7, 8: ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പർശനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

2. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023

സെക്ഷൻ 96 (കുട്ടികളെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിക്കൽ): 18 വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിനായോ തെറ്റായ ആവശ്യങ്ങൾക്കായോ പ്രേരിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് ലിംഗഭേദമന്യേ എല്ലാ കുട്ടികൾക്കും ബാധകമാണ്. ശിക്ഷ: 10 വർഷം വരെ തടവും പിഴയും.

സെക്ഷൻ 137 (തട്ടിക്കൊണ്ടുപോകൽ): ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതും നിയമപരമായ രക്ഷാകർതൃത്വത്തിൽ നിന്ന് (പ്രായപൂർത്തിയാകാത്ത കുട്ടികളെ) അവരുടെ സമ്മതമില്ലാതെ കൊണ്ടുപോകുന്നതും ഇതിൽ ഉൾപ്പെടുന്നു. ശിക്ഷ: 7 വർഷം വരെ തടവ്.

സെക്ഷൻ 143 (മനുഷ്യക്കടത്ത്): ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഒരാളെ ചൂഷണത്തിനായി കടത്തുന്നത് കുറ്റകരമാണ്. കുട്ടികളെയാണ് കടത്തുന്നതെങ്കിൽ ശിക്ഷ 10 വർഷം മുതൽ ജീവപര്യന്തം വരെയാകാം. ഇരയുടെ സമ്മതം ഇവിടെ കണക്കിലെടുക്കില്ല.

സെക്ഷൻ 54 (കുറ്റകൃത്യത്തിന് സഹായിക്കൽ): ഒരു കുറ്റകൃത്യം നടക്കുമ്പോൾ അവിടെ സഹായിയായി നിൽക്കുന്ന വ്യക്തി ആ കുറ്റകൃത്യം ചെയ്തതായി തന്നെ കണക്കാക്കും.

സെക്ഷൻ 64(2)(i): സമ്മതം നൽകാൻ കഴിയാത്ത മാനസികാവസ്ഥയിലുള്ള സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം.

സെക്ഷൻ 337 (വ്യാജരേഖ ചമയ്ക്കൽ): സർക്കാർ രേഖകൾ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ (ഉദാഹരണത്തിന് ആധാർ പോലുള്ളവ) വ്യാജമായി ഉണ്ടാക്കുന്നത് 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

സെക്ഷൻ 234 (വ്യാജ സർട്ടിഫിക്കറ്റ് നൽകൽ): നിയമപരമായ ആവശ്യങ്ങൾക്കായി അറിഞ്ഞുകൊണ്ട് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതും ശിക്ഷാർഹമാണ്.

സെക്ഷൻ 174 (തിരഞ്ഞെടുപ്പിലെ ക്രമക്കേട്): തിരഞ്ഞെടുപ്പിൽ അവിഹിതമായ സ്വാധീനം ചെലുത്തുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

3. ബാലവിവാഹ നിരോധന നിയമം, 2006

സെക്ഷൻ 9: 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെയോ 21 വയസ്സിന് താഴെയുള്ള ആൺകുട്ടിയെയോ വിവാഹം കഴിക്കുന്ന മുതിർന്ന പുരുഷനുള്ള ശിക്ഷ (2 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും).

സെക്ഷൻ 10: ബാലവിവാഹം നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ.

സെക്ഷൻ 11: ബാലവിവാഹം തടയാതിരിക്കുന്ന മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും എതിരെയുള്ള നടപടി.

സെക്ഷൻ 12: ബലം പ്രയോഗിച്ചോ ചതിയിലൂടെയോ തട്ടിക്കൊണ്ടുപോയോ നടത്തുന്ന ബാലവിവാഹങ്ങൾ തുടക്കം മുതൽക്കേ അസാധുവാണെന്ന് ഈ നിയമം പറയുന്നു.

4. ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015

സെക്ഷൻ 83: കുട്ടികളെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മുതിർന്നവർക്ക് 7 വർഷം വരെ കഠിനതടവും 5 ലക്ഷം രൂപ പിഴയും ലഭിക്കും.

സെക്ഷൻ 84: 18 വയസ്സിൽ താഴെയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമം.

5. മറ്റ് നിയമങ്ങൾ

എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, 1898: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ അവരുടെ ജാതിയുടെ പേരിൽ 10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്താൽ പ്രതിക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാം.

ഹിന്ദു വിവാഹ നിയമം, 1955 (സെക്ഷൻ 18): വിവാഹ പ്രായപരിധി ലംഘിച്ചുകൊണ്ട് വിവാഹം നടത്തുന്നത് ശിക്ഷാർഹമാണ്. ഇത്തരം വിവാഹങ്ങൾ നിയമപരമായി അസാധുവാക്കാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിൽ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു
ശരീര സൗന്ദര്യ മത്സരവിജയികളുടെ പൊലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തരേഷ് നടേശന് തിരിച്ചടി