പമ്പയാറിനെ കോൺട്രാക്ടർ ലോബിക്ക് സർക്കാർ തീറെഴുതിക്കൊടുത്തുവെന്ന് കുമ്മനം

By Web TeamFirst Published Jun 3, 2020, 8:00 PM IST
Highlights

പമ്പയുടെ 22 കടവുകളിൽ നാല് മീറ്റർ ആഴത്തിൽ ഖനനം നടത്തി മണൽ നീക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ആദ്യപടിയായി തുടങ്ങിയ മണൽ നീക്കം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് നടത്തുന്നതെന്ന് കുമ്മനം

പത്തനംതിട്ട: സർക്കാരിന്റെ നേതൃത്വത്തിൽ പമ്പ നദിയിൽ നടത്തുന്ന ഖനനം നദിയുടെ നാശത്തിന് ഇടയാക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പമ്പയുടെ 22 കടവുകളിൽ നാല് മീറ്റർ ആഴത്തിൽ ഖനനം നടത്തി മണൽ നീക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ആദ്യപടിയായി തുടങ്ങിയ മണൽ നീക്കം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് നടത്തുന്നത്.

വെള്ളപ്പൊക്കത്തില്‍ ആനത്തോട് അണക്കട്ട് തുറന്നപ്പോൾ താഴെയുണ്ടായിരുന്ന മല ഇടിഞ്ഞു വീണതോടെയാണ് പമ്പയില്‍ ഇത്രയും മണൽ വന്നത്. വനാവകാശ നിയമമനുസരിച്ച് വനംവകുപ്പിനാണ് ഉടമസ്ഥാവകാശമെന്നിരിക്കെ ചീഫ്സെക്രട്ടറി നേരിട്ട് ഇടപെട്ട് സ്വന്തം ഇഷ്ടക്കാരായ കമ്പനികൾക്ക് വീതിച്ച് നൽകുക വഴി കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കുമ്മനം ആരോപിച്ചു.

ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ പമ്പയാറിനെ കോൺട്രാക്ടർ ലോബിക്ക് സർക്കാർ തീറെഴുതിക്കൊടുത്തു. പമ്പ ആക്ഷൻ പ്ലാൻ അനുസരിച്ച് 300 കോടിയുടെ പദ്ധതിയിലുൾപ്പെട്ടതിനാൽ കേന്ദ്ര സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് നദിയിൽ ഖനനം നടത്തുന്നത് നിയമ വിരുദ്ധമാണ്. നദികൾ കൺകറന്റ് ലിസ്റ്റിൽ പെട്ടതിനാൽ ഖനനത്തിന് കേന്ദ്ര സർക്കാരിന്റെ അനുവാദം കൂടിയേ തീരു. മാത്രമല്ല, പാരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം മാത്രമേ നദിയിൽ വൻ തോതിൽ ഖനനത്തിന് പാടൂള്ളൂ.

ഇക്കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. പമ്പ നദിയുടെ സംരക്ഷണത്തിനായി 2009ൽ പാസാക്കിയ പമ്പ നദീതട അതോറിട്ടി നിയമപ്രകാരം ഇത്തരം ഖനനം പാടില്ലെന്നും പറയുന്നുണ്ട്. നദിയുടെ അടിത്തട്ട് നാല്മീറ്റർ താഴ്ത്തുന്നതോടെ വേനൽക്കാലത്ത് ആപൽക്കരമായ വിധത്തിൽ ഭൂഗർഭ ജല വിതാനം താഴുകയും, ഇത് കുടിവെള്ളരക്ഷാമത്തിന് ഇടായാക്കുകയും ചെയ്യും.

പ്രളയത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് പമ്പാ നദിയെ കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതിനുള്ള വിദഗ്ധ പഠനങ്ങൾ നടത്തണം. വെള്ളപ്പൊക്കത്തിന് ശേഷം രണ്ട് വർഷം പിന്നിട്ടു. കഴിഞ്ഞ നീണ്ട കാലയളവിൽ ചെയ്യാതിരുന്ന ശേഷം പെട്ടെന്ന് നദിയുടെ ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യുന്നത് ദുരുദ്ദേശ പൂർണമാണെന്നും കുമ്മനം രാജശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.

click me!