
മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ നിന്ന് ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് ബാങ്കിന് നൽകിയ ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എ ആർ നഗർ ബാങ്കിനെതിരെയുള്ള നടപടി വൈകുന്നത് രാഷ്ട്രീയ സ്വാധീനം കാരണമാമെന്ന ആരോപണം നിലനിൽക്കെയാണ് സുപ്രധാനമായ ഈ തെളിവ് പുറത്ത് വരുന്നത്.
ഇക്കഴിഞ്ഞ മെയ് മാസം 25ന് ആദായനികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം എആർ നഗർ സർവ്വീസ് സഹകരണബാങ്കിന് നൽകിയ ഉത്തരവ് പ്രകാരം 53 പേരുടെ നിക്ഷേപങ്ങൾ കൈമാറുന്നതും പിൻവലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്നാണ് വ്യക്തമാക്കുന്നത്. പട്ടികയിലെ ഒന്നാം പേരുകാരൻ ഹാഷിഖ് പാണ്ടിക്കടവത്ത് , പാണ്ടിക്കടവത്ത് വീട്. പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ, പ്രവാസി ബിസിനസുകാരൻ. എത്ര തുകയാണ് കണ്ടു കെട്ടുന്നതെന്ന് ഉത്തരവിലില്ലെങ്കിലും മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തിൽ ഒന്നരക്കോടിയുമെന്നാണ് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വലിയ തിരിമറിയും അനധികൃതനിക്ഷേപവും കണ്ടെത്തിയ ബാങ്കിലുള്ള ഈ നിക്ഷേപത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തേടി. തുക മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൌണ്ടിൽ നിന്ന് മാറ്റി നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. നേർവഴിയിലൂടെയുള്ള മണി ട്രാൻസ്ഫറാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രേഖകൾ ആദായനികുതി വകുപ്പ് മുൻപാകെ ചാർട്ടേഡ് അക്കൊണ്ടന്റ് മുഖേന ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുക കണ്ടുകെട്ടും മുമ്പ് തന്നെ എല്ലാ നിക്ഷേപകർക്കും രേഖകൾ ഹാജരാക്കി പണം തിരികെ കൈപ്പറ്റാൻ അവസരം ഒരുക്കിയതായി ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. ഇത്തരത്തിൽ രേഖകൾ ഹാജരാക്കിയതിനാൽ പല നിക്ഷേപകർക്കായി ഏഴ് കോടിയോളം രൂപ തിരികെ നൽകിയിട്ടുണ്ട്.
ഹാഷിഖ് മതിയായ രേഖകളൊന്നും ഹാജരാക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപം കണ്ട് കെട്ടിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. 2021 മാർച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആർ നഗറിലെ ബാങ്കിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കിൽ പ്രമുഖർക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam