
മലപ്പുറം: മുഈനലി വിഷയത്തിന് ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയുടെ പരസ്യപ്രതികരണം. വെല്ലുവിളികളെ അതിജീവിച്ച പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് പറഞ്ഞ മുതിർന്ന നേതാവ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണെന്ന് ആരോപിച്ചു. സർക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നു മുതിർന്ന നേതാവ് പറഞ്ഞു.
ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം ഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങളുടെ ആരോപണം. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടുകള്‍ കൊണ്ടാണെന്നും മുഈൻ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.
മുഈനലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാരസമിതി തള്ളിയിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുക്കുയായിരുന്നു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam