കസ്റ്റഡി മര്‍ദനത്തിലെ പ്രതികളായ പൊലീസുകരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് കത്ത് നൽകി വിഡി സതീശന്‍

Published : Sep 04, 2025, 05:55 PM IST
Police

Synopsis

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകരെ പുറത്താക്കണം എന്ന് വിഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

കത്തിന്‍റെ പൂർണരൂപം

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന, മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്.

ഇവരുടെ പ്രവര്‍ത്തി പൊലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദ്ദനം മനുഷ്യവകാശ ലംഘനമാണെന്ന് Nilabati Behera v. State of Orissa (1993), ഡി കെ ബസു അടക്കമുള്ള വിവിധ കേസുകളില്‍ സുപ്രീം കോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പൊലീസുകാര്‍ ചുമത്തിയ കുറ്റം. കുന്നംകുളം എസ്ഐയായിരുന്ന നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദ്ദനം. സ്റ്റേഷനില്‍ കൊണ്ടു വന്നതു മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദ്ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023-ല്‍ നടന്ന സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും തുടക്കം മുതൽ ഉണ്ടായത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ 5 ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പോലുമില്ല. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍ നിന്നും ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്മെന്റ് എസിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം