
തൃശ്ശൂർ: രാഷ്ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടതെന്ന് സർക്കാരിനെയും കെപിസിസി നേതാക്കളെയും ഓർമിപ്പിച്ച് തുറന്ന കത്തുമായി കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത്. വിവരാവകാശ നിയമ പ്രകാരം പൊലീസ് സ്റ്റേഷനിലെ മർദ്ദന ദൃശ്യങ്ങൾ ശേഖരിച്ച് ഒരു വർഷം തികയുമ്പോഴാണ് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സുജിത്ത് തുറന്ന കത്തെഴുതിയത്. എപ്പോഴും സുജിത്തിനൊപ്പം ആണെന്നായിരുന്നു തൃശ്ശൂർ ഡിസിസി നേതൃത്വത്തിന്റെ പ്രതികരണം.
ഭയപ്പെടേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞവർ വാക്ക് പാലിക്കണമെന്നാണ് ദൃശ്യങ്ങൾ പുറത്തുവന്ന് ഒരു വർഷത്തിനിപ്പുറം സുജിത്ത് സർക്കാറിനോടും കെപിസിസി നേതൃത്വത്തോടും ആവശ്യപ്പെടുന്നത്. രണ്ട് കൊല്ലം നീണ്ട നിയമ പോരാട്ടങ്ങൾ ഒടുവിലാണ് മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തും സംരക്ഷകനായ കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരും ചേർന്ന് ശേഖരിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനും സുജിത്തിനെ കാണാനെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അതേ സർക്കാർ അധികാരത്തിൽ വന്നിട്ടും അന്വേഷണം എങ്ങും എത്താത്തതാണ് സുജിത്തിനെയും വർഗീസ് ചൊവ്വന്നൂരിനെയും പ്രകോപിപ്പിച്ചത്. അന്വേഷണത്തിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതൊന്നും സുജിത്തിനൊപ്പം തന്നെയാണ് പാർട്ടിയും സർക്കാരുമെന്ന് കോൺഗ്രസ് നേതാക്കളും വിശദീകരിച്ചു. മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കും വരെ പോരാട്ടം തുടരുമെന്നാണ് സുജിത്തും വർഗീസ് ചൊവ്വന്നൂരും പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam