
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന്റെ വൈദ്യ പരിശോധന വൈകിപ്പിച്ച സംഭവത്തില്‍ കുന്നിക്കോട് എസ്ഐയ്ക്ക് സസ്‌പെൻഷൻ. എന്‍ അശോക് കുമാറിനെയാണ് കൊല്ലം റൂറൽ പോലീസ് മേധാവി ഹരിശങ്കർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ 14 ന് കമുകംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. മെഡിക്കൽ ലീവിലുള്ള ചക്കുവരയ്ക്കൽ സ്വദേശിയായ പോലീസുകാരൻ ബിജുവിന്‍റെ വാഹനം വെട്ടിത്തിട്ട സ്വദേശി വിജയന്‍റെ വാഹനത്തില്‍ ഇടിച്ചിരുന്നു. സംഭവത്തിൽ പോലീസുകാരൻ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചുവെങ്കിലും പൊലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ അശോക് കുമാര്‍ സ്വീകരിച്ചത്. കൂടാതെ അപകടത്തിന് ശേഷം നിര്‍ത്താതെ പോയ പോലീസുകാരനെ പിന്നാലെയെത്തിയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് റൂറൽ എസ്പി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
അന്വേഷണത്തിൽ എസ്ഐയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. വാഹന പരിശോധനയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയും ഒത്തുതീർപ്പാക്കി വിടാൻ കഴിയുന്ന പരാതികളിൽ പോലും ദിവസങ്ങൾ കയറ്റിയിറക്കി ബുദ്ധിമുട്ടിക്കുന്നതടക്കം നിരവധി ആക്ഷേപം എസ്ഐ അശോക് കുമാറിനെതിരെ ഇതിന് മുന്‍പും ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam