അടിയുറച്ച സോഷ്യലിസ്റ്റ് കൂറുളള മണ്ഡലം, ബാലികേറാ മലയല്ലെന്ന കണക്കുകൂട്ടലിൽ ലീഗ്; കൂത്തുപറമ്പിൽ ആര് കരുത്ത് കാട്ടും?

Published : Feb 10, 2026, 02:53 PM IST
koothuparmba

Synopsis

കെ പി മോഹനനിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, അട്ടിമറി വിജയം ലക്ഷ്യമിട്ട് ലീഗ് ശക്തരായ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നു. 

കണ്ണൂർ: കൂത്തുപറമ്പിലെ അങ്കതട്ടിൽ കെ പി മോഹനൻ തന്നെയാകുമോ ഇത്തവണയും ഇടതിന്റെ പോരാളി. അടവും തടവും പഠിച്ചൊരാളുമായി മണ്ഡലം തിരിച്ചു പിടിക്കുമോ ലീഗ്. മുന്നണിമാറ്റവും സ്ഥാനാർത്ഥി നിർണയവും ഇരുമുന്നണികൾക്കും തലവേദനയായ കൂത്തുപറമ്പ് കാത്തുവച്ച സസ്പെൻസ് എന്താണെന്ന് കാണാം.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തെ നടുക്കിയ വടിവാൾ ആക്രമണം, ബോംബേറ്. പത്തു വർഷത്തിന് ശേഷം കുന്നോത്തുപറമ്പ് പഞ്ചായത്ത് നഷ്ടപ്പെട്ട സിപിഎമ്മും ജയിച്ചു കയറിയ ലീഗും തെരുവിൽ ഏറ്റുമുട്ടിയ നിമിഷം. ശക്തമായ മത്സരം നടക്കുന്ന കൂത്തുപറമ്പിൽ മാറ്റത്തിന്റെ കാറ്റെന്ന് യുഡിഎഫ് അവകാശപ്പെടുന്നത് കുന്നോത്തുപറമ്പടക്കം ചൂണ്ടിക്കാട്ടിയാണ്. പാനൂർ നഗരസഭയും തൃപ്പങ്ങോട്ടൂർ പഞ്ചായത്തും ഇത്തവണയും യുഡിഎഫിനൊപ്പം നിന്നു.

കണക്കുകളിൽ കരുത്ത് കാട്ടുന്നുണ്ട് എൽഡിഎഫ്. ആർജെഡിയെ ഒപ്പം നിർത്തിയതോടെ പരമ്പരാഗത സോഷ്യലിസ്റ്റ് വോട്ടുകൾ ഇത്തവണയും കൂടാരത്തിൽ. കൂത്തുപറമ്പ് നഗരസഭയും പാട്യം, മൊകേരി തുടങ്ങിയ പഞ്ചായത്തുകളും കൈവിടാതെ കാത്തു. എഴുപതു തൊട്ടിങ്ങോട്ട് സിപിഎം കാത്ത മണ്ഡലം കൈവിട്ടത് ഒരിക്കൽ മാത്രം, 2011 ൽ. അന്ന് യുഡിഎഫിനൊപ്പം ചേർന്ന് അട്ടിമറിച്ച അതേ കെ പി മോഹനൻ ഇത്തവണയും ഇടതിന്റെ മുഖം. ആർ ജെ ഡി സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കെപി മോഹനന്റെ കുടുംബാംഗവുമായ പി കെ പ്രവീണ്‍, ആർ ജെ ഡി സംസ്ഥാന സെക്രട്ടറി കെ പി പ്രശാന്ത് എന്നിവരുടെ പേരും മണ്ഡലത്തിലുയരുന്നുണ്ട്.

കൂത്തുപറമ്പിൽ നിന്ന് ജയിച്ചു വന്ന പേരുകൾ മതി കേരള രാഷ്ട്രീയത്തിൽ ഈ മണ്ഡലത്തിന്റെ പ്രാധാന്യമറിയാൻ.  പി ആ‍ർ കുറുപ്പിൽ തുടങ്ങി (1957,60) എം വി രാഘവനും (1980) പിണറായി വിജയനും (1970 ,77, 91)  പി ജയരാജനും (2001, 2006) കെ കെ ശൈലജയും (1996, 2016) ജയിച്ചു കയറി. ഒടുവിൽ ഇടതിലും വലതിലും മാറി മാറി ജയിച്ച കെ പി മോഹനന്റെയും മണ്ഡലം.

ഇടതിന്റെ സുരക്ഷിത മണ്ഡലത്തിൽ ഇടിച്ചു കയറാൻ അര ഡസൻ പേരുകളുണ്ട് ലീഗ് പട്ടികയിൽ, മുസ്ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം സി കെ മുഹമ്മദലി, ജില്ലാ ട്രഷറർ കാട്ടൂർ മഹമ്മൂദ്, പാനൂർ നഗരസഭ മുൻ ചെയർപേഴ്സണ്‍ വി നാസർ, വി കെ ഷാഹുൽ ഹമീദ് എന്നീ പേരുകൾ സജീവം. ഷാഫി തരംഗത്തിൽ ലോക്സഭയിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം തദ്ദേശത്തിൽ എൽഡിഎഫിനൊപ്പമെന്ന് കണക്കുകൾ.  2021 ൽ 9541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ പി മോഹനൻ ജയിച്ച മണ്ഡലത്തിൽ തദ്ദേശത്തിലെ ഭൂരിപക്ഷം 15000  കടന്നു. അടിയുറച്ച സോഷ്യലിസ്റ്റ് കൂറുളള മണ്ഡലം. മാറ്റത്തിനൊത്ത് ചാഞ്ഞും ചരിഞ്ഞുമുളള ചരിത്രം. ബാലികേറാ മലയല്ല കൂത്തുപറമ്പെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. സുരക്ഷിത മണ്ഡലം നിലനിർത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സച്ചി മാഷ് ഏറ്റവും പ്രിയപ്പെട്ടയാള്‍'; തുടര്‍ഭരണ വിവാദത്തിൽ കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, കൂടിക്കാഴ്ച നടത്തി തൃശൂര്‍ ജില്ലാ സെക്രട്ടറി
വിഎസിന്‍റെ പിഎ ആയിരുന്ന സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ? സുരേഷ് യോഗ്യൻ, നേതാക്കൾ ചർച്ച നടത്തിയെന്നാണ് അറിവെന്ന് വി കെ ശ്രീകണ്ഠൻ എംപി