
തൃശൂര്‍: തുടര്‍ഭരണത്തിനെതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാൻ കെ സച്ചിദാനന്ദന്‍റെ വിമര്‍ശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ ഖാദര്‍ വടൂക്കരയിലെ വീട്ടിലെത്തി കെ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിലും അബ്ദുൽ ഖാദറിന് ഒപ്പമുണ്ടായിരുന്നു. ഇന്നലെ വന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും ദൗത്യവുമായിട്ടല്ല സച്ചിമാഷേ കണ്ടതെന്നും കെവി അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു.
കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല താൻ അക്കാര്യം പറഞ്ഞതെന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞതെന്നും കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല അദ്ദേഹമെന്നും കെവി അബ്ദുള്‍ ഖാര്‍ പറഞ്ഞു. സച്ചിദാനന്ദൻ പാര്‍ട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ കാണുന്നത്. സച്ചി മാഷുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു.സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ടയാളാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും സച്ചി മാഷെ കാണാം. മാധ്യമ വാർത്തകൾ താൻ ഉദ്ദേശിച്ചതലത്തിൽ അല്ലെന്ന് അദ്ദേഹം പറഞ്ഞു.സച്ചിമാഷിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
അധികാരം പാർട്ടിയെ നശിപ്പിക്കും എന്നും തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമായിരുന്നു കെ സച്ചിദാനന്ദന്‍റെ വിമര്‍ശനം. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാൽ സി പി എം നീക്കം നടത്തുമ്പോള്‍ കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്‍റെ പ്രസ്താവന വിവാദമായി മാറുകയായിരുന്നു. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പിൽ ഉണ്ടെന്നും അവിടെ തുടർച്ചയായി ഭരണം കൈ വന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെട്ടുവെന്നും അവർക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും സച്ചിദാനന്ദൻ വിമര്‍ശിച്ചിരുന്നു. സ്വാർത്ഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്‍റെ വലിയ ഉദാഹരണമാണ് ബംഗാൾ. തുടർച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുകയെന്നുമാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
തുടര്‍ഭരണത്തിനെതിരായ കവി സച്ചിദാനന്ദന്‍റെ പ്രതികരണത്തിൽ വിമര്‍ശനവുമായി മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ മൂന്നാം തുടർ ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണെന്നും ജനങ്ങളോട് വോട്ട് ചോദിക്കാൻ അവകാശം ഞങ്ങൾക്കുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മൂന്നാമതും അധികാരത്തിൽ വരേണ്ടതില്ല എന്ന തരത്തിലുള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾക്ക് വിഷമം ഉണ്ടാക്കും. ആ വിഷമം പല രീതിയിൽ പ്രകടിപ്പിച്ചിട്ടുണ്ടാകാം. സച്ചിദാനന്ദനെതിരായ സൈബർ ആക്രമണം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹോംവർക്ക് ചെയ്യാതെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ അത്തരമൊരു പരാമർശം നടത്തിയത്. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേട് ഉണ്ടെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ആ വ്യക്തി അത്തരം ഒരു പ്രസ്താവന നടത്തിയതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
കെ സച്ചിദാനന്ദൻ ഉദ്ദേശിച്ചത് കരുതൽ വേണമെന്നാണെന്നും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ക്ക് കോണ്‍ഗ്രസിന്‍റെ നരേറ്റീവിനെക്കുറിച്ച് കരുതൽ വേണമെന്നുമായിരുന്നു മന്ത്രി പി രാജീവിന്‍റെ പ്രതികരണം. ചിലർ ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുന്നു. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്. ഭരണ തുടർച്ചയാണ് ഈ നിലയിലേക്ക് കേരളം എത്താൻ കാരണം. ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകും. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നത്. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും. കോൺഗ്രസ് തോറ്റാൽ അവർ ബിജെപി ആയി മാറും എന്ന ആശങ്കയാണുള്ളതെന്ന് ചിലര്‍ പറയുന്നു. അവർ ജയിച്ചാൽ ഭരണം തന്നെ ബിജെപിയിലേക്ക് മാറും. വിമർശിക്കുന്നവരിൽ നിന്നും സ്വീകരിക്കേണ്ടത് സ്വീകരിക്കുമെന്നും പി രാജീവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam