
കുട്ടനാട്: നൂറ്റാണ്ടിലെ പ്രളയത്തിൽ ദിവസങ്ങളോളം മുങ്ങിപ്പോയിട്ടും എസ്എസ്എൽസിക്ക് നൂറുമേനി വിജയം കൊയ്ത് കുട്ടനാട്ടിലെ സ്കൂളുകൾ. കുട്ടനാട് വിദ്യഭ്യാസ ജില്ലയിലെ ആകെയുള്ള 33 പൊതുവിദ്യാലയങ്ങളിൽ 31 സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഉന്നതവിദ്യഭ്യാസത്തിന് യോഗ്യത നേടി.
2114 വിദ്യാർത്ഥികളാണ് കുട്ടനാട് വിദ്യഭ്യാസ ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. അതിൽ 2112 കുട്ടികളും വിജയിച്ചു. വിജയശതമാനം 99.90. മഹാ പ്രളയത്തിൽ കുട്ടനാട്ടിലെ സ്കൂളുകൾക്ക് 40 പ്രവർത്തിദിനങ്ങളാണ് നഷ്ടമായത്. രണ്ട് മാസത്തിലേറെ കുട്ടനാട്ടിലെ വീടുകളിൽ വെള്ളം നിറഞ്ഞുനിൽക്കുകയും ചെയ്തു.
എന്നാൽ വീടികളിൽ വെള്ളം കയറി പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടിട്ടും കുട്ടനാട്ടെ കുട്ടികൾ പതറിയില്ലെന്നതിന്‍റെ തെളിവാണ് ഈ നൂറുമേനി വിജയം. പ്രളയത്തെ തോൽപ്പിക്കാൻ കുട്ടികളെ പ്രാപ്തമാക്കിയ കുട്ടനാട്ടെ അധ്യാപകർക്കും ഇത് അഭിമാന നിമിഷമാണ്.