പ്രൊപ്പോസൽ കൈമാറിയെന്ന് മന്ത്രി, കയറു പിരിയും ഓലമെടയലും കാണാം, ചെത്ത് കള്ള് കുടിക്കാം; വരുന്നു കുട്ടനാട് സഫാരി

Published : Jul 08, 2025, 05:46 PM IST
KB GANESH KUAMR

Synopsis

സംസ്ഥാന ജലഗതാഗത വകുപ്പ് കുട്ടനാട്ടിൽ പുതിയൊരു ടൂറിസം പദ്ധതി ആരംഭിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിയുടെ മാതൃകയിൽ ഒരുക്കുന്ന 'കുട്ടനാട് സഫാരി' ആലപ്പുഴയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് അതേ സ്ഥലത്ത് അവസാനിക്കും. 

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിക്ക് സമാനമായ 'കുട്ടനാട് സഫാരി' ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണൽ ദ്വീപ് സന്ദർശിച്ചു. കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ഒറ്റ ബോട്ട് യാത്രയിൽ ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി അറിയിച്ചു.

കുട്ടനാടിന്റെ തനത് കലാരൂപങ്ങളെയും പാട്ടുകളെയും സംസ്കാരത്തെയും അടുത്തറിയാൻ ഈ പാക്കേജ് വഴി വിനോദസഞ്ചാരികൾക്ക് സാധിക്കും. ആലപ്പുഴയിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അതേ സ്ഥലത്ത് തന്നെ അവസാനിക്കുന്ന രീതിയിലാണ് ഈ സഫാരി തയ്യാറാക്കിയിരിക്കുന്നത്. യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, കള്ളുഷാപ്പിൽ നിന്നുള്ള ചെത്ത് കള്ള്, ഉച്ചഭക്ഷണം എന്നിവയെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാം.

കൂടാതെ, ഒരു ചിത്രകാരൻ തത്സമയം വിനോദസഞ്ചാരികളുടെ ചിത്രങ്ങളും വരച്ച് നൽകും. ആലപ്പുഴയുടെ തനത് കയർ പിരിത്തവും ഓല മെടയുന്നതും നേരിൽ കാണാനും സ്വന്തമായി ചെയ്തുനോക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. ഓലകൊണ്ടുള്ള പന്തും തൊപ്പിയും തത്സമയം നിർമ്മിച്ച് അവർക്കായി പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ യാത്ര വൈകിട്ട് നാല് മണിയോടെ പാതിരമണൽ ദ്വീപിലെത്തും. വേമ്പനാട് കായലിലെ ഈ ദ്വീപിൽ പുല്ലും മുളയും കൊണ്ട് നിർമ്മിച്ച ഒരു ആംഫി തിയേറ്റർ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂർത്തിയാക്കും. തിയേറ്ററിന്റെ സ്പോൺസർഷിപ്പിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സംസാരിച്ചതായും പ്രൊപ്പോസൽ കൈമാറിയതായും മന്ത്രി അറിയിച്ചു.

ഈ തിയേറ്ററിൽ പുതുതലമുറയ്ക്ക് അപരിചിതമായ നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും. ഒന്നേകാൽ മണിക്കൂറോളം ദൈർഘ്യമുള്ള, വൈവിധ്യമാർന്ന ആറോളം കലാരൂപങ്ങൾ ഓരോ ദിവസവും വ്യത്യസ്തമായി അരങ്ങേറും. ഇത് നിരവധി കലാകാരന്മാർക്ക് തൊഴിലവസരങ്ങൾ നൽകും. രാജ്യത്തിനകത്തും പുറത്തുനിന്നും വരുന്ന വിനോദസഞ്ചാരികൾക്ക് നമ്മുടെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാനും മനസ്സിലാക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കുടുംബശ്രീയുമായി ചേർന്ന് പഞ്ചായത്തിന് ദ്വീപിൽ കൂടുതൽ കിയോസ്‌ക്കുകൾ തുടങ്ങാനാകും. വിവിധ കരകൗശല വസ്തുക്കൾ വാങ്ങുന്നതിനും സഞ്ചാരികൾക്ക് സൗകര്യം ഉണ്ടാകും. പദ്ധതി ആരംഭിച്ചാൽ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാക്കേജ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെടുത്തി നടപ്പാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസിൽ ആലപ്പുഴയിലെത്തി ബോട്ട് യാത്ര ആസ്വദിച്ച് മടങ്ങാൻ സഞ്ചാരികൾക്ക് കഴിയും. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഈ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് എന്നും മന്ത്രി പറഞ്ഞു.

ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്ഥിരം സമിതി അധ്യക്ഷർ, വാർഡംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എം.പി. മഹീധരൻ, വിവിധ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം