
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്.
കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇതെന്നും കേരള പത്രപ്രവർത്തക യൂണിയൻ പത്രക്കുറിപ്പില്‍ വിശദമാക്കി. കുറ്റക്കാർക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും അപലപിച്ചു. ഇത്തരം പ്രതികരണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam