
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏകാധിപത്യ ഭരണകൂടം നിലനിൽക്കുന്ന ഇടങ്ങളിൽ നടക്കുന്നതിന് സമാനമായ സംഭവമാണിതെന്നും കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് നടന്നതെന്നും സതീശൻ പ്രതികരിച്ചു.
'വാർത്തക്കെതിരെ പരാതിയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ സംഘം ചേർന്ന് മാധ്യമ സ്ഥാപനത്തിൽ കടന്ന് കയറി ഗുണ്ടായിസം കാണിച്ചതിന് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. എസ് എഫ് ഐ നടപടി പുരോഗമന കേരളത്തിന് അപമാനമാണ്. ഇത് തന്നെയാണ് ഡൽഹിയിലും നടക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിൽ ഭീഷണിയുടെ സ്വരമുയർത്തുന്നത് ഫാസിസ്റ്റ് കാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഒന്നിച്ച് നിന്നുകൊണ്ട് കേരളം ഇതിനെതിരെ ശബ്ദമുയർത്തണം. പ്രതിപക്ഷം ഇതിനെതിരെ നിയമസഭയിലും പ്രതിപക്ഷം ശക്തമായി പ്രതികരിക്കും'. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ പാലരിവട്ടത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുമുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam