
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍റെ മാര്‍ച്ച്. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂർ ജില്ലകളിലും പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രതിഷേധ മാര്‍ച്ച് നടന്നു.
ക്യാമ്പസിൽ അക്രമങ്ങളുടെ പേരിൽ ദുഷ്‌പേര് ഉണ്ടാക്കിയവർ ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ അക്രമം കാണിക്കുകയാണെന്ന് എം എം ഹസൻ വിമര്‍ശിച്ചു. സാമൂഹ്യ വിരുദ്ധന്മാർക്ക് അഭയം നൽകുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എഫ്ഐ അക്രമം കരുതി കൂട്ടിയുള്ളതാണ്. വിനു വി ജോണിനെതിരെ കേസെടുത്തതുമായി ഇതും കൂട്ടി വായിക്കണം. അക്രമം നടത്തിയവർക്കെതിരെ എസ്എഫ്ഐ നേതൃത്വം നടപടി എടുക്കാന്‍ തയ്യാറാവണമെന്നും എം എം ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ഗുണ്ടായിസമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി കിരൺ ബാബു പറഞ്ഞു.
ചാനൽ ഓഫീസിൽ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യുജെയുടെ കോഴികോട് ജില്ലാ കമ്മിറ്റി സംഗമം ആവശ്യപ്പെട്ടു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഋതികേഷ്, ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറർ പി വി നജീബ്, ജോ. സെക്രട്ടറി ടി മുംതാസ്, ഏഷ്യാനെറ്റ് ന്യൂസ് റീജ്യനൽ ചീഫ് പി ഷാജഹാൻ, ദീപക് ധർമ്മടം, എം ബാലകൃഷ്ണൻ സംസാരിച്ചു. ടി. ഷിനോദ് കുമാർ, എ വി ഫർദീസ്, എ ബിജുനാഥ്, അമർജിത്ത് കൽപറ്റ, രേഷ്മ സുരേന്ദ്രൻ, പി വി അരവിന്ദ്, സി ആർ രാജേഷ് നേതൃത്വം നൽകി.
ഇന്നലെ രാത്രി എഴരയോടെയാണ് എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തി. അതിക്രമവാർത്ത പുറത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ജനാധിപത്യത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ എസ് എഫ് ഐ നടത്തിയ അതിക്രമം കേരളീയ പൊതു സമൂഹത്തിനുളള ചൂണ്ടുപലകയാണെന്ന് കെപിസിസി മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുളള ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. തങ്ങൾക്കിഷ്ടമില്ലാത്തവരെയെല്ലാംഒതുക്കാനുളള സർക്കാരിന്‍റെയും പാർടിയുടെയും ആസൂത്രിത നീക്കമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ദീപ്തി മേരി വർഗീസ്.