
ദില്ലി: കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാർശയ്ക്ക് അംഗീകാരമായി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെപിസിസിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു.
തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ അവഗണിക്കുന്ന കോൺഗ്രസ് നീക്കങ്ങളിൽ അസംതൃപ്തനായ കെ വി തോമസ് പാർട്ടി വിടുകയാണെന്ന അഭ്യൂഹം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. തോമസ് ഇടത്തേക്ക് ചായുകയാണെന്ന സൂചനകൾ ശക്തമായതോടെ സോണിയാ ഗാന്ധി നേരിട്ട് അനുനയനീക്കം നടത്തുകയായിരുന്നു. സോണിയയുടെ നിർദ്ദേശപ്രകാരം കെ വി തോമസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തി ഹൈക്കമാൻഡ് പ്രതിനിധികളെ നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്നാണ് ആ ചർച്ചയ്ക്ക് ശേഷം കെവി തോമസ് പറഞ്ഞത്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും കെവി തോമസ് അന്ന് പറഞ്ഞിരുന്നു.
കെവി തോമസ് തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ പരാതിപ്പെട്ടിരുന്നു. വർക്കിംഗ് പ്രസിഡണ്ട് അല്ലെങ്കിൽ ഉമ്മൻചാണ്ടി അധ്യക്ഷനായ മേൽനോട്ട സമിതിയിൽ സ്ഥാനം,മകൾക്ക് സീറ്റ് ഇതോക്കെയായിരുന്നു തോമസിൻറെ ഉപാധികൾ. തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന് സംസ്ഥാന കോൺഗ്രസ്സിലെ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കിലും നിർണ്ണായക തെരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന് നേതാവിൻറെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതോടെയാണ് എഐസിസിയും കെപിസിസിയും തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ തീരുമാനിച്ചതും വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വഴി തെളിഞ്ഞതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam