ഹാൻവീവിൽ സിഐടിയു സമരം, നഷ്ടക്കണക്ക് നിരത്തി ചെയർമാൻ കൂടിയായ സംസ്ഥാന സെക്രട്ടറി

By Web TeamFirst Published Feb 5, 2020, 10:45 AM IST
Highlights

ഹാൻവീവ് കോർപ്പറേഷന്റെ ആസ്ഥാനമായ കണ്ണൂരിലെ നാല് ഷോറുമുകളിൽ മൂന്നെണ്ണവും പൂട്ടി. സംസ്ഥാനത്താകെ എൺപത് ഷോറൂമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 46 ഷോറൂമുകൾ മാത്രമാണ്

തിരുവനന്തപുരം: ശമ്പളം മുടങ്ങി സിഐടിയു തന്നെ സമരത്തിലേക്ക് നീങ്ങിയതോടെ, പ്രതിസന്ധിയെക്കുറിച്ച് തുറന്നടിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയായ ഹാൻവീവ് ചെയർമാൻ. ഷോറൂമുകളിൽ പലതും ഒരു രൂപ പോലും വരുമാനമില്ലാതെ അടച്ചു പൂട്ടേണ്ട നിലയിലാണെന്നും, കോടികളുടെ നഷ്ടത്തിലാണ് സ്ഥാപനമെന്നും കെ.പി സഹദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സർക്കാർ നൽകാനുള്ള എട്ടരക്കോടിയിലധികം രൂപ കുടിശ്ശികയായതും ഹാൻവീവിന് തിരിച്ചടിയായി.

ഹാൻവീവ് കോർപ്പറേഷന്റെ ആസ്ഥാനമായ കണ്ണൂരിലെ നാല് ഷോറുമുകളിൽ മൂന്നെണ്ണവും പൂട്ടി. സംസ്ഥാനത്താകെ എൺപത് ഷോറൂമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 46 ഷോറൂമുകൾ മാത്രമാണ്. കഴി‌ഞ്ഞ വർഷം മാത്രം ഏഴരക്കോടി രൂപയുടെ നഷ്ടം നേരിട്ടു.  അൻപത് വർഷം മുമ്പ് തുടങ്ങിയ സ്ഥാപനം ഇന്നുവരെ ലാഭത്തിലായിട്ടില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.

ഹാൻവീവ് വസ്ത്രങ്ങൾക്ക് ജിഎസ്ടി വന്നതോടെ അഞ്ച് ശതമാനം നികുതിയായി. നേരത്തെ നികുതിയുണ്ടായിരുന്നില്ല.  ഉത്സവ സീസണിൽ കേന്ദ്ര സർക്കാർ നൽകി വന്ന പത്ത് ശതമാനം റിബേറ്റ് നിർത്തലാക്കി.  കൂടാതെ കൈത്തറി തൊളിലാളികളടക്കം ഹാൻവീവിലെ 2212 ജീവനക്കാർക്കായി  ശമ്പള ഇനത്തിൽ മാത്രം മാസം ഒന്നര കോടിയിലധികം രൂപ നൽകേണ്ടതുണ്ട്.  ഇതൊക്കെയാണ് വിലകൂടാൻ പറയുന്ന കാരണങ്ങൾ.  സർക്കാർ നൽകാനുള്ള കുടിശ്ശിക കൂടിയായതോടെ തീരെ വരുമാനമില്ലാതായി.

click me!