അധ്യാപകരുടെ കുറവ് രൂക്ഷം; ഓൺലൈനാകുമ്പോൾ ക്ലാസെടുക്കാൻ ആളില്ല

By Web TeamFirst Published Jun 1, 2021, 10:39 AM IST
Highlights

മൊത്തം അധ്യാപക ഒഴിവുകൾ 6000നും മുകളിലാണെന്ന് അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞ ദിവസത്തെ റിട്ടയർമെന്റ് കൂടി ചേർന്നാൽ ഇത് കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ മുന്നിലുള്ളത് രൂക്ഷമായ അധ്യാപക ക്ഷാമം. എൽപി, യുപി വിഭാഗത്തിൽ നൂറിലധികം സ്കൂളുകളിൽ അധ്യാപകരേയില്ല. വിരമിക്കുന്നവരുടെ എണ്ണം കൂടി ചേർത്താൽ പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകളുടെ എണ്ണം 1600 കവിയുമെന്നാണ് കണക്ക്. സംസ്ഥാനത്താകെ ആറായിരത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് കാട്ടി ഉദ്യോഗാർത്ഥികളും നിയമപോരാട്ടത്തിലാണ്.

പ്രവേശനോത്സവത്തിനായി രക്ഷിതാക്കളെ ക്ഷണിക്കുകയാണ് പിറവം കിഴുമുറി എൽപി സ്കൂളിൽ നിന്ന് മിനി ടീച്ചർ. മിനി ടീച്ചർ കഴിഞ്ഞ മാർച്ചിൽ സ്കൂളിൽ നിന്ന് വിരമിച്ചു. എന്നാൽ സ്കൂൾ വിട്ടത് രേഖകളിൽ മാത്രമാണ്. സ്ഥിര അദ്ധ്യാപകർ ഒരാൾ പോലുമില്ലാത്ത സ്കൂളിന്‍റെ നട്ടെല്ല് ഇപ്പോഴും മിനി ടീച്ചർ തന്നെ. കഴിഞ്ഞ ജൂൺ മുതൽ സ്കൂളിന് പ്രധാന അദ്ധ്യാപകനില്ല. പുതിയ അദ്ധ്യാപകരുടെ നിയമനവും നടന്നിട്ടില്ല.

മൂവാറ്റുപുഴ മേക്കടമ്പ് എൽപി സ്കൂളിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന അധ്യാപകനും ഒരൊറ്റ അധ്യാകരുമില്ല. താത്കാലിക നിയമനങ്ങളെ ആശ്രയിച്ചാകും ഇക്കുറിയും അദ്ധ്യയനം.

കൊല്ലം കറവൂർ സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി 95 കുട്ടികളുണ്ട്. ആകെയുള്ളത് പ്രധാനാധ്യാപിക മാത്രം. കൊല്ലം പന്തപ്ലാവ് സ്കൂളിൽ 46 കുട്ടികൾക്ക് ഒരധ്യാപകൻ പോലുമില്ല. മലപ്പുറത്ത് 13 സ്കൂളുകളിൽ ഇതാണ് സ്ഥിതി. സംസ്ഥാനത്താകെ 72 എൽ.പി സ്കൂളുകളിലും 32 യു.പി സ്കൂളുകളിലും ഒറ്റയധ്യാപകരും ഇല്ലാത്തതോ പ്രധാനാധ്യാപകൻ മാത്രമുള്ളതോ ഒരധ്യാപകൻ മാത്രമുള്ളതോ ആണ്. പകരം ആളെ വെച്ചാണ് ഇവിടെയെല്ലാം പഠനം. 

വിരമിക്കുന്നവരെക്കൂടി ചേർത്താൽ പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകൾ 1600 കവിയുമെന്നാണ് കണക്ക്. പകരം മുതിർന്ന അധ്യാപകർക്ക് ചുമതല. കൂടുതൽ ശ്രദ്ധ വേണ്ട ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലും വലിയ കുറവുണ്ട്. ഓൺലൈനിൽ ക്ലാസിന് അതത് അധ്യാപകർ തന്നെ വേണമെന്നതിനാൽ പ്രതിസന്ധിയുറപ്പ്. മൊത്തം അധ്യാപക ഒഴിവുകൾ 6000നും മുകളിലാണെന്ന് അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞ ദിവസത്തെ റിട്ടയർമെന്റ് കൂടി ചേർന്നാൽ ഇത് കൂടും. ഹയർസെക്കണ്ടറി വിഭാഗത്തിൽ ആകെ 1236 ഒഴിവുകളിൽ 320 പേർക്ക് നിയമന ഉത്തരവ് കിട്ടി. 152 പേർ അഡ്വൈസ് മെമ്മോ ലഭിച്ചവരാണ്. ഒരു വർഷം മുമ്പ് നിയമന ഉത്തരവ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതിനാൽ ജോലിക്ക് കയറാനാകാത്തവരാണ് കൂടുതൽ.

ഭാഗികമായെങ്കിലും ജൂലൈ മുതൽ ക്ലാസുകൾ ഓൺലൈനായും തുടങ്ങുകയാണ്. അപ്പോഴേക്കും പ്രതിസന്ധി പരിഹരിക്കാനാകുമോയെന്ന് ഉറപ്പില്ല. സാമ്പത്തിക പ്രതിസന്ധി അടക്കം കണക്കിലെടുത്ത് നേരിട്ട ക്ലാസുകൾ തുടങ്ങിയ ശേഷം മതി നിയമനമെന്ന നിലപാടിലാണ് സർക്കാർ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!