പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി പുതിയ സാമ്പത്തിക ആരോപണവുമായി രംഗത്ത്. ചൂരൽമല ദുരിതാശ്വാസത്തിനായി നടത്തിയ ലക്കി ഡ്രോയുടെ പേരിലും തെരഞ്ഞെടുപ്പ് കാലത്തും രാഹുൽ പണം വാങ്ങിയെന്ന് യുവതി.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയിൽ നിന്ന് വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനായി നടത്തിയ ലക്കി ഡ്രോക്ക് പണം വാങ്ങിയതായി പരാതിയിൽ പറയുന്നു. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആവശ്യപ്പെട്ടത് പ്രകാരം ഫെനിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ നൽകിയതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ലക്കി ഡ്രോ നടത്തുന്നത് രാഹുലാണെന്നും കഴിയുന്ന രീതിയിൽ സമ്മർദ്ദം ചെലുത്തി വിജയിയാകാനും ഫെനി നിർദേശിച്ചതായും പറയുന്നു. പണം പാവങ്ങൾക്ക് ഉപയോഗിക്കാൻ ഫെനിയോട് നിർദേശിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞു.
ഫെനിയെ ഉപയോഗിച്ച് രാഹുൽ തന്നെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഭക്ഷണം കഴിയ്ക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഫെനി അറിയിച്ചതനുസരിച്ച് 10000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു. എംഎൽഎ ആയപ്പോൾ പാലക്കാട് ഫ്ലാറ്റ് വാങ്ങാമെന്നും രണ്ട് പേരുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്നും പറഞ്ഞു. രാഹുൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 1.14 കോടിയാണ് ഫ്ലാറ്റിന്റെ വില പറഞ്ഞത്. അത്രയും പണം തന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞതോടെ അക്കാര്യം വിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജയിൽവാസം. ഇന്നലെ അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ ജയിലിന് മുന്നിലും ശക്തമായ പ്രതിഷേധം ഉയർത്തി. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പൽ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങൾ.
