
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പരിഹാസ രൂപേണയുള്ള വാക്കുകള്‍. പൊലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ വനിതാ പ്രതിനിധി പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും ആയിരുന്നു വനിത പ്രതിനിധിയുടെ പരിഹാസ വാക്കുകൾ. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് പറഞ്ഞ വനിത പ്രതിനിധി പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും കുറ്റപ്പെടുത്തി.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും വിമർശനമുയർന്നു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. പാർട്ടി പദവിയിലെത്തിയ സ്ത്രീകളുടെ കണക്കുകൾ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉണ്ട്. അതിൽ സന്തോഷമുണ്ട്. നിശ്ചിത പാർട്ടി പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വനിത പ്രതിനിധി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam