
കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം. അടിയന്തര സാഹചര്യത്തിൽ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികൾ തിരിച്ചു വരികയോ ചെയ്യരുത്. രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് അടിയന്തര ഘട്ടത്തിൽ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറൻ്റൈൻ നിർബന്ധമാണ്.
ഒറ്റഡോസ് വാക്സീൻ എടുത്തവർക്കും അല്ലാത്തവർക്കും നിർബന്ധിത ഹൌസ്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണം. നേരത്തെയും ഇത്തരം ചില നിയന്ത്രണങ്ങൾ ലക്ഷദ്വീപ് ഭരണകൂടം കൊണ്ടു വന്നിരുന്നു. ഇപ്പോൾ വീണ്ടും കർശനമായി നിർദേശങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ കൊവിഡിൻ്റെ അതിവ്യാപനം കണ്ട ലക്ഷദ്വീപിൽ നിലവിൽ 46 കൊവിഡ് രോഗികൾ മാത്രമേയുള്ളൂവെന്നാണ് ലക്ഷദ്വീപ് കളക്ടർ അറിയിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona