പ്രതിഷേധം പുകയുന്ന ദ്വീപിലേക്ക് പ്രഫുൽ ഖോഡാ പട്ടേൽ ഇന്നെത്തും, കരിദിനം ആചരിച്ച് ദ്വീപുകാർ

By Web TeamFirst Published Jun 14, 2021, 6:34 AM IST
Highlights

ദ്വീപ് ചരിത്രത്തിലില്ലാത്ത വിധം ജനം പ്രക്ഷോഭ രംഗത്ത് നിൽക്കുമ്പോഴാണ് അഡ്മിനിസ്ടേറ്റർ ഇന്ന് ദ്വീപിലെത്തുന്നത്. ഇതുവരെ നടപ്പാക്കിയ ഉത്തരവുകളിൽ മത്സ്യത്തൊഴിലാളി ബോട്ടുകളിൽ രഹസ്യ വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം മാത്രമാണ് ഭരണകൂടം പിൻവലിച്ചത്.

കവരത്തി: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം പുകയുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഒരാഴ്ച നീണ്ട് നിൽകുന്ന സന്ദർശനത്തിൽ ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി പ്രഫുൽ പട്ടേൽ വിലയിരുത്തും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം കണക്കിലെടുത്ത് ഇന്ന് ദ്വീപുകളിൽ കരിദിനം ആചരിക്കുകയാണ്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുൽ പട്ടേൽ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർ‍ശനമാണ് ഇത്. എന്നാൽ മുൻ സാഹചര്യമല്ല ഇന്ന് ദ്വീപുകളിൽ. ദ്വീപ് ചരിത്രത്തിലില്ലാത്ത വിധം ജനം പ്രക്ഷോഭ രംഗത്ത് നിൽക്കുമ്പോഴാണ് അഡ്മിനിസ്ടേറ്റർ ഇന്ന് ദ്വീപിലെത്തുന്നത്. ഇതുവരെ നടപ്പാക്കിയ ഉത്തരവുകളിൽ മത്സ്യത്തൊഴിലാളി ബോട്ടുകളിൽ രഹസ്യ വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം മാത്രമാണ് ഭരണകൂടം പിൻവലിച്ചത്. ബാക്കി ഉത്തരവുകൾ പിൻവലിക്കില്ലെന്ന് തന്നെയാണ് ഭരണകൂടത്തിന്‍റെ നിലപാട്. 

അഗത്തിയിൽ ഉച്ചയോടെ എത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഉത്തരവുകളിലെ തുടർനടപടികൾ ചർച്ച ചെയ്യും. പ്രഫുൽ ഖോഡാ പട്ടേലിന്‍റെ വരവ് കരിദിനമാക്കി ആചാരിക്കുകയാണ് സേവ് ലക്ഷ്ദീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ദ്വീപ് ജനത. രാവിലെ മുതൽ വീടുകളിൽ കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് അണിഞ്ഞും പ്രതിഷേധത്തിൽ ദ്വീപുകാർ പങ്കാളികളാകും. 

ഭരണകൂടം കൊണ്ടുവന്ന വിവിധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ടേറ്ററെ കവരത്തിയിലെത്തി കാണാൻ സേവ് ലക്ഷ്ദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയിട്ടുണ്ട്. ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. 

ലക്ഷദ്വീപ് സമരവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കേസിൽ പ്രതിയാക്കപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് ദ്വീപുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേസ് പിൻവലിക്കണമെന്ന ആവശ്യം ലക്ഷദ്വീപിലെ ബിജെപിയിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!