രണ്ടാനച്ഛന്‍റെ മർദ്ദനത്തിൽ പരിക്കേറ്റ കുഞ്ഞിന് സർക്കാർ സഹായം, ചികിത്സാ ചിലവ് ഏറ്റെടുക്കും

By Web TeamFirst Published Jun 13, 2021, 10:54 PM IST
Highlights

ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കും. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കും. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. 

കണ്ണൂർ കണിച്ചാറിൽ ഒരു വയസുള്ള കുഞ്ഞിനെയാണ് രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചത്. കുഞ്ഞിന്റെ മുത്തശ്ശി സുലോചന  മകൾ രമ്യയെ ഫോണിൽ വിളിക്കുമ്പോഴാണ് രണ്ടാനച്ഛന്‍ രതീഷ് കുഞ്ഞിനെ ക്രൂരമായി മ‍ർദ്ദിച്ച വിവരം പുറത്ത് പറയുന്നത്.

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം; തലയ്ക്കും കൈക്കും പരിക്കേറ്റു

മുത്തച്ഛനെയും കൂട്ടി കണിച്ചാറിലെ രമ്യയുടെ വീട്ടിലെത്തിയ സുലോചന കുഞ്ഞിനെയും കൊണ്ട് ആദ്യം പോയത് പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കാണ്. വിദഗ്ധ ചികിത്സ വേണമെന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം കുഞ്ഞിനെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. പരിശോധനയിൽ കുഞ്ഞിന്‍റെ തോളെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. കൈക്കും, തലക്കും പരിക്കുകളുണ്ട്.

മൂന്നാഴ്ച മുമ്പാണ് രമ്യയുടെയും രതീഷിന്‍റെയും വിവാഹം കഴിഞ്ഞത്. രതീഷ് കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ അനുവാദിക്കാറില്ലെന്നും വീട്ടിൽ മൂത്രമൊഴിക്കുന്നെന്ന് പറഞ്ഞ്  ഉപദ്രവിക്കാറുണ്ടെന്നും മുത്തശ്ശി പറയുന്നു. മർദ്ദിച്ച കാര്യം പുറത്തു പറയാതിരുന്ന അമ്മക്കെതിരെയും രണ്ടാനച്ഛൻ രതീഷിനെതിരെയും കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

click me!