Latest Videos

'ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പാക്കിയത് ഇഎംഎസ്', ചരിത്രം പഠിക്കാൻ സിപിഐയോട് മുഖ്യമന്ത്രി

By Web TeamFirst Published Jan 3, 2020, 7:03 PM IST
Highlights

1969-ലാണ് ഭൂപരിഷ്കരണ നിയമം പാസ്സാക്കിയത്. അന്ന് ഗൗരിയമ്മയാണ് ഇതിന് നേതൃത്വം നൽകിയത്. മുഖ്യമന്ത്രി ഇഎംഎസ്. നിയമം 1970-ൽ പ്രാവർത്തികമായി. ഞാൻ ആരെയെല്ലാം ഓർക്കണം? മുഖ്യമന്ത്രി.

കണ്ണൂർ: ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതിൽ ഏറ്റവും നിർണായകമായ ആദ്യഘട്ടം ഫലപ്രദമായി നടപ്പാക്കിയത് ഇഎംഎസ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി അച്യുതമേനോന്‍റെ പേര് ഭൂപരിഷ്കരണ നിയമത്തിന്‍റെ സുവർണജൂബിലി ആഘോഷത്തിനിടെ വിട്ടു കളഞ്ഞ പിണറായിയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച സിപിഐയ്ക്ക് എതിരെ കടുത്ത ഭാഷയിലായിരുന്നു പിണറായിയുടെ വിമർശനം. ചരിത്രം അറിയില്ലെങ്കിൽ അത് പഠിക്കണം. ചിലരെ പേരെടുത്ത് ആക്ഷേപിക്കാൻ തയ്യാറായില്ല എന്നത് ശരിയാണ്. കർഷകബന്ധ ബില്ലിനെ തകർക്കാൻ കൂട്ടുനിന്നവരുടെ പേര് എടുത്ത് പറയാൻ താൻ നിന്നില്ലെന്നും സിപിഐയ്ക്ക് മുള്ളുവച്ച മറുപടി.

''ഭൂപരിഷ്കരണം നടപ്പാക്കിയതിന്‍റെ അമ്പതാം വാർഷികം ആഘോഷിച്ച പരിപാടിയിൽ ഞാൻ സംസാരിച്ചപ്പോൾ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇത് ചരിത്രം അറിയാത്തതുകൊണ്ടാണ്. അല്ലെങ്കിൽ പഠിക്കാത്തതുകൊണ്ട്. ചരിത്രം സാവകാശം ഇരുന്ന് പഠിച്ച് മനസ്സിലാക്കിയതാൽ ഇത്തരമൊരു ആരോപണമോ ആക്ഷേപമോ ഉന്നയിക്കാനാകില്ല'', മുഖ്യമന്ത്രി പറയുന്നു.

1967-ന് മുമ്പുള്ള സർക്കാരുകളുണ്ടായിരുന്നു. കർഷകബന്ധ ബില്ലിനെ തകർക്കാൻ അന്ന് പലരും കൂട്ടുനിന്നിട്ടുണ്ട്. അവരുടെയാരുടെയും പേര് എടുത്ത് പറയാൻ താൻ നിന്നിട്ടില്ല. ചിലരെ ആക്ഷേപിക്കുകയും ചെയ്തില്ല. ഇടത് സർക്കാർ ചെയ്തത് മാത്രമാണ് പറഞ്ഞത് - എന്ന് മുഖ്യമന്ത്രി.

സിപിഐയോട് കടുത്ത ഭാഷയിൽ മറുപടി പറയുന്ന മുഖ്യമന്ത്രി ഭൂപരിഷ്കരണ നിയമത്തിന്‍റെ ചരിത്രവും എണ്ണിപ്പറയുന്നു. 1969-ലാണ് ഭൂപരിഷ്കരണനിയമം കേരള നിയമസഭ പാസ്സാക്കുന്നത്. അന്ന് കെ ആർ ഗൗരിയമ്മയാണ് ഇതിന് നേതൃത്വം നൽകിയത്. അന്ന് കെ ആർ ഗൗരിയമ്മയായിരുന്നു റവന്യൂമന്ത്രി. ഇഎംഎസ്സായിരുന്നു അന്ന് മുഖ്യമന്ത്രി. 1970-ൽ നിയമം പ്രാവർത്തികമാവുകയും ചെയ്തു. ഇവിടെയൊക്കെ ഞാൻ ആരെയൊക്കെ ഓർക്കണം? 

ഒരു കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി ചുരുക്കിയ ചരിത്രപരമായ കർഷകബന്ധബില്ല് പാസ്സായപ്പോൾ അന്ന് സർക്കാർ താഴെ വീഴുന്ന സ്ഥിതിയുണ്ടായി. 

ഇനി ഭൂപരിഷ്കരണം നടപ്പാക്കിയത് സംബന്ധിച്ച് മറക്കരുതാത്ത മറ്റൊരു പേരുണ്ട്. അത് എകെജിയുടേതാണ്. എകെജിയുടെ സമരപ്രഖ്യാപനം കൊണ്ടുകൂടിയാണ് ഭൂപരിഷ്കരണം ഐക്യകേരളത്തിൽ നടപ്പായത്. അതും പരാമർ‌ശിച്ചു. അതില്ലെങ്കിൽ നീതികേടായേനെ. അതിൽ എന്താണ് തെറ്റ്? - എന്ന് മുഖ്യമന്ത്രി. 

വിപ്ലവകരമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള അവകാശത്തർക്കവും അങ്ങനെ മുറുകുകയാണ്. ഭൂപരിഷ്കരണ നിയമം അച്യുതമേനോന്‍ സര്‍ക്കാരാണ് നടപ്പാക്കിയതെന്ന് സിപിഐ വാദിക്കുമ്പോള്‍ നിയമത്തിലേക്കുള്ള എല്ലാ പാതയും വെട്ടിത്തുറന്നത് കേരളത്തിലെ ആദ്യത്തേതും മൂന്നാമത്തേതുമായ, ഇഎംഎസ് മുഖ്യമന്ത്രിയായ സര്‍ക്കാരുകളായിരുന്നുവെന്ന് സിപിഎം വാദിക്കുന്നു. ഭൂപരിഷ്കരണ നിയമത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ അച്യുതമേനോനെ ഒഴിവാക്കിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം അങ്ങനെയാണ് സിപിഐക്കുള്ളില്‍ നീറിപ്പുകയുകയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ അച്യുതമേനോനെ ഒഴിവാക്കിയതിനെ കുറ്റപ്പെടുത്തി ശക്തമായ ഭാഷയിലാണ് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതിയത്. സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റിയ നിയമത്തെ റവന്യൂ വകുപ്പിന്‍റെ വെറും ഒരു ദിവസത്തെ ആഘോഷം മാത്രമാക്കിയതിലും സിപിഐയില്‍ എതിര്‍പ്പുണ്ട്. 

ഭൂപരിഷ്കരണത്തിന്‍റെ ചരിത്രമെന്ത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനത്തിന് മുമ്പേ വേരുപിടിച്ച ആശയമായിരുന്നു ഭൂപരിഷ്കരണം. 1959-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ഐക്യകേരളത്തിലെ ആദ്യസര്‍ക്കാര്‍ കാര്‍ഷിക ബന്ധബില്ല് കൊണ്ടുവന്നു. ബില്ലിനെതിരെ ഭൂവുടമകളില്‍നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നു. ബില്ലില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ബില്‍ മടക്കി. ഏകദേശം ഒരുമാസത്തിന് ശേഷം സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ട് കേരളത്തിൽ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി. പിന്നീട് അധികാരത്തിലേറിയ കോണ്‍ഗ്രസ് - പിഎസ്പി ബില്ലില്‍ സമഗ്രമാറ്റം വരുത്തി നിയമമാക്കി.

എന്നാല്‍, ഇത് ഭൂവുടമകളുടെ താല്‍പര്യത്തിനനുസരിച്ച് വെള്ളം ചേർത്ത നിയമമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. 1967-ല്‍ ഇംഎംഎസിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി അധികാരമേറ്റെടുത്തതോടെ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. ഭൂമിയില്‍ ഉടമക്കുണ്ടായിരുന്ന അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി, 1959-ലെ കാര്‍ഷിക ബന്ധ ബില്ലിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ഭൂവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് കുടിയാന്മാര്‍ക്ക് പതിച്ചു നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 1969 ഒക്ടോബര്‍ 17-ന് നിയമം പുതുക്കി കൊണ്ടുവന്നു. എന്നാല്‍, മുന്നണിയില്‍ നിന്ന് സിപിഐ, ലീഗ്, ആര്‍എസ്പി തുടങ്ങിയ പ്രധാന കക്ഷികള്‍ വിട്ടുപോയതോടെ സര്‍ക്കാര്‍ താഴെ വീണു. പിന്നീട് 1970-ല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറിയ സിപിഐ മുഖ്യമന്ത്രി സി അച്യുതമേനോനാണ് ഭൂപരിഷ്കരണ നിയമം പ്രായോഗികമായി നടപ്പാക്കുന്നത്.  

ഭൂപരിഷ്കരണ നിയമത്തിന് അടിസ്ഥാനം ഇഎംഎസിന്‍റെ ആദ്യ സര്‍ക്കാറും 1967-ലെ രണ്ടാം സര്‍ക്കാറുമാണെന്ന് സിപിഎം കരുതുന്നു. ഇഎംഎസിനെ അധികാരത്തില്‍ നിന്ന് ചാടിച്ച് കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് സിപിഐ ഭരണം പിടിച്ചതെന്നും ഭൂപരിഷ്കരണ ബില്‍ കൊണ്ടുവന്നതിലുള്ള ക്രെഡിറ്റ് ഇഎംഎസ് സര്‍ക്കാറുകള്‍ക്കാണെന്നും സിപിഎം പറയുന്നു. എന്നാല്‍, നിയമം നടപ്പാക്കിയത് അച്യുതമേനോന്‍ സര്‍ക്കാറാണെന്ന വസ്തുതയും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാറിന്‍റെ ആഘോഷമാക്കി മാറ്റിയാല്‍ സിപിഐക്ക് ലഭിക്കുന്ന പരിഗണന സിപിഎം ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. അതിന്‍റെ പേരിലാണ് ബില്ലിന്‍റെ യഥാർത്ഥ ക്രെഡിറ്റ് ആർക്കെന്ന പേരിൽ തർക്കം മുറുകുന്നതും.  

click me!