പ്രളയ പുനരധിവാസ പദ്ധതി വൈകി, ആദിവാസികള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥലമേറ്റെടുക്കാന്‍ തീരുമാനം

By Web TeamFirst Published Oct 20, 2020, 1:12 PM IST
Highlights


14 മാസം കഴിഞ്ഞിട്ടും പുനരധിവാസ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് ആദിവാസി കുടുംബങ്ങള്‍ സമരം പ്രഖ്യപിച്ചത്.
 

വയനാട്: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വയനാട് അരിമുളയിലെ ആദിവാസി കുടുംബങ്ങള്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചതിന് പിന്നാലെ ഭൂമി ഏറ്റെടുക്കാന്‍ നടപടി. പണം അനുവദിച്ചിട്ടും സ്ഥലമേറ്റെടുപ്പ് വൈകിയതിനെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ കേണിച്ചിറയിലെ പൂതാടി വില്ലേജ് ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചത്.

14 മാസം കഴിഞ്ഞിട്ടും പുനരധിവാസ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് ആദിവാസി കുടുംബങ്ങള്‍ സമരം പ്രഖ്യപിച്ചത്. വില്ലേജ് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി സമരം പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് അധികൃതരും തഹസില്‍ദാരും ചര്‍ച്ച നടത്തി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 

ഇവര്‍ കോഫീ ബോര്‍ഡിന്റെ ഗോഡൗണില്‍ ദുരിതത്തില്‍ കഴിയുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഭൂമി ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തത്. എന്നാല്‍ സ്ഥലം കണ്ടെത്തി കരാര്‍ ഒപ്പുവെച്ച ശേഷം വിലകുറക്കാന്‍ തഹസില്‍ദാര്‍ ഭൂവടമയോട് ആവശ്യപ്പെടുകയായിരുന്നു. 

ഇതിന് ഉടമ തയ്യാറായില്ല. ചര്‍ച്ചക്കെടുവില്‍ നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ വില കുറച്ച് ഭൂമി നല്‍കാമെന്ന് ഉടമ ഉറപ്പ് നല്‍കി. വേഗത്തില്‍ പുനരധിവാസ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്തും അറിയിച്ചു. 2018 ലെ പ്രളയത്തിലാണ് ആദിവാസികുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ടത്.

click me!