
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്. പാറയും മണ്ണുമടക്കം നീക്കം ചെയ്തശേഷം റോഡിലെ ചെളി ഫയര്‍ഫോഴ്സ് വെള്ളം ഒഴിച്ച് നീക്കം ചെയ്തു. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടക്കുന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിക്കും. എല്ലാവാഹനങ്ങളും കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഇന്ന് ചുരം അടയ്ക്കും. നാളെ രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്‍റിൽ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്ന് രാത്രിയോടെയാണ് റോഡിലേക്ക് വീണ പാറക്കൂട്ടങ്ങളും മണ്ണും പൂര്‍ണമായും നീക്കം ചെയ്ത്. വൈകിട്ട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഫയര്‍ഫോഴ്സെത്തി ഇളകി വീഴാൻ സാധ്യതയുള്ള പാറകളടക്കം തള്ളിയിട്ടശേഷം ഗതാഗതത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
വൈകിട്ട് സ്ഥലത്തെ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായിരുന്നു. പ്രതികൂല കാലാവസ്ഥയും പാറയും മണ്ണും നീക്ക ചെയ്യുന്നതിന് വെല്ലുവിളിയായി.
മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ള അടര്‍ന്നുനിൽക്കുന്ന പാറക്ഷണങ്ങളും മണ്ണും ഫയര്‍ഫോഴ്സ് വെള്ളം അടിച്ച് താഴേക്ക് എത്തിച്ചു. ഇനിയും പാറക്ഷണങ്ങള്‍ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്തത്.
കഴിഞ്ഞ 26 മണിക്കൂറായി താമരശ്ശേരി ചുരം (വയനാട് ചുരം) വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയായിരുന്നു. ചുരം റോഡിലെ ഗതാഗതം താത്കാലികമായി നിരോധിച്ചതിനെതുടര്‍ന്ന് രാവിലെ മുതൽ വൈത്തിരിയിലടക്കം നിരവധി യാത്രക്കാരാണ് കാത്തുനിന്നിരുന്നത്. നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്. പാറയും മണ്ണും നീക്കം ചെയ്തശേഷം സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ജിയോളജിസ്റ്റ് ,ദേശീയപാത അതോറിറ്റി അധികൃതരും മലയുടെ മുകളിൽ പരിശോധന നടത്തി. ഗതാഗത നിരോധനത്തിനുശേഷം ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടിരുന്നത്.ഇന്നലെ മണ്ണിടിഞ്ഞശേഷം വയനാട്ടിലേക്ക പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് പോയിരുന്നത്.കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചായിരുന്നു ഇന്നലെ രാത്രിയോടെ ജില്ലാകളക്ടര്‍ ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam