
തിരുവനന്തപുരം: ഏറെ പ്രയാസകരമായിരുന്നു ഭൂപതിവ് ചട്ടങ്ങൾ ഉണ്ടാക്കുന്ന ജോലിയെന്ന് റവന്യൂ മന്ത്രി കെ രാജൻ. സുദീർഘമായ നിയമപരിശോധനകൾ നടത്തിയാണ് ചട്ടങ്ങൾ ഭേദഗതി ചെയ്‌തതെന്നും യാതൊരു വിധത്തിലും മലയോര കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ചട്ടങ്ങൾ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേവലം 13 നിയമങ്ങൾ ഉള്ള ഭേദഗതിയാണെന്നും 11 ചട്ടങ്ങൾ റെഗുലറൈസ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭൂപതിവ് ഭേദഗതി ബിൽ ഗവർണർ കുറേ കാലം തടഞ്ഞു വെച്ച ശേഷമാണ് ഒപ്പുവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടയത്തിൽ പറഞ്ഞ വ്യവസ്ഥകൾ ലംഘിച്ച കേസുകളിൽ മാത്രമാണ് ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ സാധൂകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ലളിതമായ നടപടി ക്രമമാണ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഓണത്തിന്റെ അവധി കഴിഞ്ഞ ഉടൻ ബാക്കി നടപടികൾ പൂർത്തീകരിക്കും. പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും. ജിയോളജി മൈനിങ് വകുപ്പുകൾ പൂട്ടിയ ക്വാറികൾക്ക് ഇത് ബാധകമാകില്ല. ഇതിനകം പട്ടയം ലഭിച്ചവർക്ക് വാണിജ്യനിർമിതികൾക്ക് അനുമതി ലഭിക്കും. അത് കുറഞ്ഞ കാലം കൊണ്ട് തന്നെ നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കൽ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അഭിപ്രായത്തിൽ വ്യത്യാസമില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിയായി നൽകിയിട്ടുമുണ്ട്. ഏതെങ്കിലും റിപ്പോർട്ട് ലഭിച്ചതായി താൻ ഉൾപ്പെടെ സർക്കാരിന് അറിയില്ല. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട മന്ത്രി ഊഹാപോഹങ്ങളിൽ ഇപ്പോൾ പ്രതികരിച്ചാൽ റിപ്പോർട്ട് വരുമ്പോൾ മറുപടി പറയാൻ കഴിയില്ലെന്നും പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. റവന്യൂമന്ത്രി കൂടെ പങ്കെടുത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam