
കൊച്ചി: സിറോമലബാർ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്‍റണി കല്ലൂക്കാരനും തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി ഹാജരായി. രണ്ടുപേരെയും എറണാകുളം റെയ്ഞ്ച് സൈബർസെല്‍ പോലീസ് സ്റ്റേഷനില്‍വച്ചാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരുവരുടെയും ലാപ്ടോപ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി.
രാവിലെ ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ഫാ. ആന്‍റണി കല്ലൂക്കാരനുമായാണ് അന്വേഷണ സംഘം കൊച്ചി റേഞ്ച് സൈബർസെല്‍ പോലീസ് സ്റ്റേഷനിലേക്ക് പോയത്. ഫാ. പോള്‍ തേലക്കാടും അവിടെ ഹാജരായി. ഇരുവരുടെയും ലാപ്ടോപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നിർണായകമായ സൈബർ തെളിവുകള്‍ പ്രതികളുടെ സാന്നിധ്യത്തില്‍തന്നെ അന്വേഷണസംഘം പരിശോധിച്ചു. ലാപ്ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും ഇമെയിലുകളുമാണ് പരിശോധിച്ചത്. തുടർന്ന് രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ ഇരുവരയെും വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇനിയും ഹാജരാകാനാവശ്യപ്പെടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ലാപ്ടോപ്പ് വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറി.
ജൂൺ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. അതുവരെ ഇരുവരെയും അറ്സ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താന്‍ ഒന്നാം പ്രതിയായ ഫാ. പോള്‍ തേലക്കാടും നാലാം പ്രതിയായ ഫാ. ആന്‍റണികല്ലൂക്കാരനും ചേർന്ന് ഗൂഢാലോചന നടത്തി മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജരേഖ ചമച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദിത്യന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam