
തിരുവനന്തപുരം: ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച സ്ത്രീയോട് വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നടത്തിയ മോശം പരാമർശത്തിൽ പ്രതികരിച്ച് ലതികാ സുഭാഷ്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്ന് ജോസഫൈൻ നടത്തിയ സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നതവർക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂ എന്നും തീർത്തും അനുചിതമായിപ്പോയെന്നും ലതികാ സുഭാഷ് പറഞ്ഞു. നേരത്തേ എം സി ജോസഫൈൻ നടത്തിയ 'പാർട്ടിയാണ് കോടതി'യെന്ന പ്രയോഗത്തിനെതിരെ അന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
''വനിതാ കമ്മീഷൻ അധ്യക്ഷയുടെ അടുത്ത് സ്ത്രീകൾ നീതി തേടി വരുമ്പോൾ അവർക്ക് നല്ല കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതുപോലെ തന്നെ അവരോട് സംസാരിക്കുമ്പോൾ ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ലഭ്യമാക്കേണ്ടത് സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും സാന്ത്വനത്തിന്റെയും ശബ്ദമായിരിക്കണം'' - ലതികാ സുഭാഷ് പറഞ്ഞു..
ജോസഫൈന്റെ പരാമർശങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്ന ആളാണ് താനെന്നും ഈ സ്ഥാനത്തിരുന്ന് നടത്തുന്ന സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നതവർക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂ എന്നും അത് ശരിയായില്ലെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.
തന്റെ അടുത്ത് ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി പറയാനെത്തിയ സ്ത്രീ, പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതോടെ അനുഭവിച്ചോട്ടാ എന്നാണ് എം സി ജോസഫൈൻ പ്രതികരിച്ചത്. അതേസമയം പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഭർത്താവിൽ നിന്നും പീഡനമേറ്റിട്ടും പരാതിക്കാരി അതു പൊലീസിൽ അറിയിച്ചിരുന്നില്ല എന്നു പറഞ്ഞപ്പോൾ പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായെന്നും ഈ സാഹചര്യത്തിലാണ് അനുഭവിച്ചോട്ടാ എന്ന പരാമർശം ഉണ്ടയാതെന്നും ഖേദം പ്രകടിപ്പിച്ചുള്ള വാർത്താക്കുറിപ്പിൽ എം.സി.ജോസഫൈൻ പറഞ്ഞു.
Read More: ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ; അനുഭവിച്ചോ എന്നു പറഞ്ഞത് ആത്മരോഷം കാരണം
എന്നാൽ ഇതാദ്യമായല്ല, ജോസഫൈൻ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുന്നത്. നേരത്തേ, പാർട്ടിക്ക് (സിപിഎം) സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്ന് ജോസഫൈൻ പ്രതികരിച്ചിരുന്നു. പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പികെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു എംസി ജോസഫൈൻ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ ലതികാ സുഭാഷ് ഹൈക്കോടതിയിൽ കോവാറന്റോ ഹർജിയാണ് നൽകിയത്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ജോസഫൈനെ മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹർജി. എന്നാൽ ഹൈക്കോടതി ഈ ഹർജി തള്ളുകയാണ് ഉണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam