
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സി യോഗം മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് വിട്ടു. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ, ഫയർ ഫോഴ്സ് മേധാവി ബി.സന്ധ്യ, റോഡ് സേഫ്റ്റി കമ്മീഷണർ അനിൽ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കായി ശുപാർശ ചെയ്തത്. ഈ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന സർക്കാരിന് ഡിജിപിയായി നിയമിക്കാം.
ജൂൺ മുപ്പതിന് ലോക്നാഥ് ബെഹ്റ വിരമിക്കുന്നതോടെ അടുത്ത പൊലീസ് മേധാവി അധികാരമേൽക്കും. വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്നതാണ് തച്ചങ്കരിയുടെ പേര് വെട്ടാൻ കാരണമായതെന്നാണ് സൂചന. പോലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ട പേരായിരുന്നു തച്ചങ്കരിയുടേയും സുധേഷ് കുമാറിൻ്റേതും.
അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരുടെ പേരുടെകളായിരുന്നു സംസ്ഥാന സർക്കാരിൻ്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ നിലവിൽ കേന്ദ്രസർവ്വീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങി വരാൻ താത്പര്യമില്ലെന്ന് യോഗത്തെ അറിയിച്ചു. നിലവിൽ എസ്.പി.ജി മേധാവിയാണ് അരുൺ കുമാർ സിൻഹ. ശേഷിച്ചവരിൽ തച്ചങ്കരിയുടെ പേര് വെട്ടാൻ ഇടയായ സാഹചര്യമെന്തെന്ന് വ്യക്തമല്ല.
ദില്ലിയിൽ നടന്ന യു.പി.എസ്.സി യോഗത്തിൽ സംസ്ഥാന സർക്കാരിൻറെ പ്രതിനിധികളായി ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാഡ സമർപ്പിച്ച 12 പേരുടെ പട്ടികയിൽ നിന്നുമാണ് മൂന്നു പേരെ യുപിഎസ്.സി യോഗം തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു വനിതയെ ക്രമസമാധന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതുവരെ സംസ്ഥാന സർക്കാർ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തിരുന്നത്. ഈ വർഷമാണ് പുതിയ രീതി നിലവിൽ വന്നത്. യുപിഎസ്.സി പട്ടികയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡിജിപിയാവും ബെഹ്റയുടെ പിൻഗാമി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam