Asianet News MalayalamAsianet News Malayalam

'സ്ത്രീധനം സ്ത്രീയുടെ അക്കൗണ്ടിൽ ഇടണം', വിസ്മയയുടെ വീട്ടിൽ വെച്ചുള്ള ജോസഫൈന്റെ പരാമർശവും വിവാദത്തിൽ

ജോസഫൈന്‍റെ പരാമര്‍ശം സ്ത്രീധനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീക്ക് വേണ്ടത് സ്വത്തവകാശമാണെന്ന മുഖവുരയോടെയാണ് ജോസഫൈന്‍ സ്ത്രീധനത്തെ പറ്റി സംസാരിച്ചത്

mc josephine new controversial statement about dowry system
Author
Thiruvananthapuram, First Published Jun 24, 2021, 7:00 PM IST

കൊല്ലം: ചാനൽ പരിപാടിയിൽ ഗാർഹിക പീഡന പരാതി പറഞ്ഞ സ്ത്രീയോട് 'അനുഭവിച്ചോ' എന്ന് പറഞ്ഞ് വിവാദത്തിലായ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ പുതിയ പ്രസ്താവനയും വിവാദത്തിൽ. ഏതെങ്കിലും സാഹചര്യത്തിൽ സ്ത്രീധനം നൽകുന്നുണ്ടെങ്കിൽ അത് സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നൽകണമെന്ന ജോസഫൈന്റെ പരാമ‍ർശമാണ് വിവാദത്തിലായത്.

ജോസഫൈന്‍റെ പരാമര്‍ശം സ്ത്രീധനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീക്ക് വേണ്ടത് സ്വത്തവകാശമാണെന്ന മുഖവുരയോടെയാണ് ജോസഫൈന്‍ സ്ത്രീധനത്തെ പറ്റി സംസാരിച്ചത്. കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ വീട്ടിൽ വച്ചായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.

 

'അനുഭവിച്ചോ' പ്രയോഗം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും, ജോസഫൈനെതിരെ പ്രതിഷേധം ശക്തം

അതേ സമയം ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ  പ്രതിഷേധം ശക്തമായി. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജോസഫൈന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫും ജോസഫൈനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

അനുഭവിച്ചോയെന്ന് പറഞ്ഞിട്ടില്ല, തെറി പറഞ്ഞിട്ടില്ല, അത് പൊലീസിൽ കൊടുക്കേണ്ട പരാതി: ക്ഷുഭിതയായി ജോസഫൈൻ

പാർട്ടിക്കുള്ളിൽ നിന്നും തന്നെ എതിർപ്പുകളുയർന്ന സാഹചര്യത്തിൽ വിവാദ പരാമർശം ചർച്ച ചെയ്യാൻ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാവും. തത്സമയ ചർച്ചയിൽ ജോസഫൈൻ പങ്കെടുത്തതിലും പാർട്ടിക്ക് അതൃപ്തിയുണ്ട്. 

നേരത്തെയും വിവാദപരമാർശങ്ങൾ കൊണ്ട് സിപിഎമ്മിന് തലവേദനയുണ്ടാക്കിയ നേതാവാണ് ജോസഫൈൻ. 
.പികെ ശശിക്ക് എതിരെയുയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശം വിവാദമായിരുന്നു. അതിന് ശേഷം എൻപത്തൊൻപത് കാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതി അറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios