വിഴിഞ്ഞം സമരവേദിയിലേക്ക് രാഹുലിനെ എത്തിക്കാൻ നീക്കം: സിപിഐയുടെ പിന്തുണ തേടി ലത്തീൻ സഭ

By Web TeamFirst Published Sep 11, 2022, 12:00 AM IST
Highlights

ഇതിനിടെ ഭാരത് ജോഡ് യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധിയെ  വിഴിഞ്ഞത്തെ സമരവേദിയിൽ എത്തിക്കാൻ ലത്തീൻ അതിരൂപത ശ്രമം തുടരുകയാണ്.

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് സിപിഐ പിന്തുണ തേടി ലത്തീൻ അതിരൂപത. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഫാദർ യൂജീൻ പെരേരയുടെ നേതൃത്വത്തിൽ സമരസമിതി കൂടിക്കാഴ്ച നടത്തി. സമരസമിതിയുടെ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താമെന്ന് കാനം അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ പറഞ്ഞു. 

ഇതിനിടെ ഭാരത് ജോഡ് യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധിയെ  വിഴിഞ്ഞത്തെ സമരവേദിയിൽ എത്തിക്കാൻ ലത്തീൻ അതിരൂപത ശ്രമം തുടരുകയാണ്. രാഹുലിൻ്റെ സാന്നിധ്യം സമരവേദിയിൽ ഉറപ്പിക്കാനായി ലത്തീൻ അതിരൂപത കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി.  സമരസമിതി നേതാക്കൾ ഇന്ന് കെ സുധാകരനെയും വി.ഡി സതീശനെയും കണ്ടു. എന്നാൽ രാഹുൽഗാന്ധിയെ യാത്രയ്ക്കിടെ സമരസ്ഥലത്തേക്ക് എത്തിക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നാണ് സൂചന.

ദുബൈ-കൊച്ചി വിമാനത്തിലെ അബോധവസ്ഥയിലായ യാത്രക്കാരി മരിച്ചു

 

കൊച്ചി: ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശി എൽസാ മിനി ആൻ്റണിയാണ് മരിച്ചത്. എൽസ അബോധാവസ്ഥയിലേക്ക് വീണതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ഇവർക്കൊപ്പം ഭർത്താവും വിമാനത്തിലുണ്ടായിരുന്നു.

ശാസ്താംകോട്ടയിലെത്തിയ സഞ്ചാരികൾക്ക് നേരെ തെരുവ് നായ ആക്രമണം: ആറ് വയസ്സുകാരനടക്കം മൂന്ന് പേ‍ര്‍ക്ക് കടിയേറ്റു

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

click me!