വിദേശ വനിതയുടെ കൊലപാതകം: വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ, ഇളവ് തേടി പ്രതിഭാഗം; ശിക്ഷ നാളെ പ്രഖ്യാപിക്കും

By Web TeamFirst Published Dec 5, 2022, 12:12 PM IST
Highlights

നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. കുറ്റബോധമുണ്ടോ എന്നും കോടതി ചോദിച്ചു. ഞങ്ങൾക്ക് ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 

നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. കുറ്റബോധമുണ്ടോ എന്നും കോടതി ചോദിച്ചു. ഞങ്ങൾക്ക് ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷ ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയർന്ന ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും കോടതി പറഞ്ഞു.

കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയ ലാത്‌വിയൻ യുവതിയെ പോത്തൻകോട് നിന്ന് 2018 മാർച്ച് 14 നാണ് കാണാതായത്. 35 ദിവസം നടത്തിയ തിരച്ചിലിന് ശേഷം ജീർണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് കിട്ടി.  സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയതിന് അന്വേഷണ സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട്. 

കേസിൽ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. 

കൊല്ലപ്പെട്ട സ്ത്രീ 2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് വന്നത്. 2018 മാർച്ച് 14 നാണ് ഇവരെ കാണാതായത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഏപ്രിൽ 20 ന് മൃതദേഹം കിട്ടി. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി നടത്തിയ നീണ്ട പോരാട്ടമാണ് ഫലം കണ്ടത്.

click me!