'സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ സിബിഐ ഒത്തുകളിയില്ല'; ആരോപണം തള്ളി കെ സുരേന്ദ്രന്‍

By Web TeamFirst Published Feb 23, 2021, 10:57 AM IST
Highlights

അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനോട് പിണറായി സർക്കാർ മത്സരിക്കുകയാണ്. സംസ്ഥാനത്ത് അഴിമതി രാജിന് കാരണം എസ്എൻസി ലാവ്‍ലിൻ കേസ് നീതിപൂർവ്വകമായി നടക്കാത്തതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍  സിബിഐ ഒരു ഒത്തുകളിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലാവ്‍ലിൻ കേസിൽ എല്ലാ തെളിവുകളും ശേഖരിക്കാനാണ് സിബിഐ കോടതിയിൽ സമയം ആവശ്യപ്പെട്ടത്. സിബിഐ ഒത്തുകളിക്കാൻ നിൽക്കില്ല. കേസ് നന്നായി വാദിക്കാന്‍ വേണ്ടിയാണ് സമയം തേടിയത്. സ്വര്‍ണക്കടത്ത് കേസിൽ ഓരോ ഘട്ടത്തിലും പ്രതികരിച്ചത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാത്തത് വാര്‍ത്തകള്‍ വരാത്തതിനാലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് അഴിമതി രാജിന് കാരണം എസ്എൻസി ലാവ്‍ലിൻ കേസ് നീതിപൂർവ്വകമായി നടക്കാത്തതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനോട് പിണറായി സർക്കാർ മത്സരിക്കുകയാണ്. ലാവലിന്‍ കേസ് അട്ടിമറിക്കാൻ എ കെ ആൻ്റണിയും ടി കെ നായരും പിണറായി വിജയനെ സഹായിച്ചു. ഇരുമുന്നണികളും പരസ്പരം കേസ് അട്ടിമറിച്ച് കൊടുക്കുകയാണ്. ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് ആൻ്റണിയും ടി കെ എ നായരും ചേർന്ന് ഗൂഢാലോചന നടത്തി. മറ്റ് ഒരിടത്തും കാണാത്ത അഡ്ജസ്റ്റ്മെൻറ് ഈ കേസിൽ കണ്ടു. കേരളത്തിലെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്നില്ല. ആർ ബാലകൃഷ്ണപിള്ള ഒഴികെ മറ്റാരും ശിക്ഷിക്കപ്പെട്ടില്ല. ലാവലിന്‍ കേസ് അട്ടിമറിക്കപ്പെട്ടതാണ് കേരളത്തിൽ അഴിമതി വർദ്ധിക്കാൻ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഉമ്മൻചാണ്ടി സർക്കാറിൻ്റെ തീവെട്ടിക്കൊള്ളയാണ് പിണറായിക്ക് അധികാരത്തിലേക്ക് വഴി തുറന്നത്. ബാർക്കോഴക്കേസിൽ കൃത്യമായ അന്വേഷണം നടന്നില്ല. കെ ബാബുവിൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണമടക്കം വിജിലൻസ് പിടിച്ചിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയില്ല. പാലാരിവട്ടം കേസിലും അന്വേഷണം മുന്നോട്ട് പോയില്ല. യുഡിഎഫിൻ്റെ അഴിമതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതല്ലാതെ മുന്നോട്ട് പോയില്ല. കടൽകൊള്ളയടിയിക്കുകയാണ് ഇടത് സർക്കാർ. മേഴ്സിക്കുട്ടിയമ്മയെന്ന് പേരുമാത്രം. അവർക്ക് മേഴ്സി ഇല്ലെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. 

ഭക്ഷ്യകിറ്റ് നൽകിയതാണ് സർക്കാർ നേട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. ഇതിലെ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം നൽകിയതാണ് അത് മറച്ച് വെക്കുക്കുന്നു. ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനുമായി ചർച്ച നടത്തിയിട്ടില്ല.അദ്ദേഹവുമായി നല്ല ബന്ധമാണ്. താൻ പലരേയും കണ്ട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

click me!