വീണ്ടും ലാവ്‍ലിൻ: കിഫ്ബിയുടെ മസാല ബോണ്ടിനെതിരെ ആരോപണവുമായി ചെന്നിത്തല

By Web TeamFirst Published Apr 6, 2019, 4:41 PM IST
Highlights

എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് മസാല ബോണ്ടിൽ പ്രധാനമായും പണം മുടക്കിയതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. കരിമ്പട്ടികയിൽ പെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സംസ്ഥാനസർക്കാരിന്‍റെ മസാല ബോണ്ടിൽ പണം മുടക്കിയെന്നത് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷനേതാവിന്‍റെ ആവശ്യം. 

കൊച്ചി: സംസ്ഥാനസർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദകമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. അഴിമതിയാരോപണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. 

ഇതിന് പിന്നിൽ വലിയ ഒത്തുകളിയുണ്ടെന്നും ലാവ്‍ലിൻ കമ്പനിയെ സഹായിക്കാൻ വലിയ അഴിമതി നടക്കുകയാണെന്നും ചെന്നിത്തല ആരോപിക്കുന്നു. 20 ശതമാനം ഓഹരിയാണ് CDPQ കമ്പനിക്ക് മസാല ബോണ്ടുകളിലുള്ളതെന്നാണ് മനസ്സിലാകുന്നത്. വിവാദകമ്പനിയായ ലാവ്‍ലിനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എന്തിനാണ് ഇടപാട് നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസകും ലാവ്‍ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു. 

കിഫ്ബിയിലെ മസാല ബോണ്ട് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്ത് വിടണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. CDPQ കമ്പനിയുമായി ലാവ്‍ലിനുള്ള ബന്ധമെന്തെന്ന് സർക്കാർ വ്യക്തമാക്കണം. 9.8 ശതമാനം പലിശ നൽകിയാണ് മസാല ബോണ്ടുകൾ വിറ്റഴിച്ചത്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇത് സംഭവിക്കുന്നത് യാദൃശ്ചികമാണോയെന്ന് വ്യക്തമാക്കണം - ചെന്നിത്തല പറഞ്ഞു. 

നേരത്തേ കിഫ്ബിയിലൂടെ മസാല ബോണ്ടുകൾ വഴി കേരളം 2150 കോടി രൂപ ലഭിച്ചതായി സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നത്. സാധാരണ കോർപ്പറേറ്റ് കമ്പനികളാണ് മസാല ബോണ്ടുകൾ വഴി ഫണ്ട് സമാഹരിക്കാറുള്ളത്. കിഫ്ബി വഴി സമാഹരിച്ച പണം ഉപയോഗിച്ച് നിരവധി വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതിനെക്കുറിച്ചും സംസ്ഥാനസർക്കാർ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു.

മഹാപ്രളയത്തിന് ശേഷം വിദേശസഹായമടക്കം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വികസന പദ്ധതികൾക്ക് ഫണ്ട് ലഭിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കിന്‍റേതുൾപ്പടെ പ്രത്യേക അനുമതി നേടിയാണ് ധനമന്ത്രിയുടെ മേൽനോട്ടത്തിൽ കേരളം മസാല ബോണ്ടുകൾ പുറത്തിറക്കിയത്. നേരത്തേ മസാല ബോണ്ടുകൾ 'ഉഡായിപ്പാണെ'ന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. 

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്.  ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു. 

എന്തായിരുന്നു എസ്എൻസി ലാവ്‍ലിൻ അഴിമതിക്കേസ്?

ഇടുക്കിയിലെ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്‍എൻസി ലാവ്‍ലിനുമായി പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് കരാർ ഒപ്പുവച്ചതിലാണ് കോടികളുടെ അഴിമതി ആരോപണമുയർന്നത്. പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. എന്നാൽ പിന്നീട് കേസിൽ നിന്ന് പിണറായി വിജയനുൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. 

click me!