
താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട റോയി വധക്കേസില്‍ പ്രതികളായ ജോളി ജോസഫ്, എംഎം മാത്യു, പ്രജു കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂവരുടേയും ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം റോയ് വധക്കേസ് കോടതി പരിഗണനയ്ക്ക് എടുത്ത ഘട്ടത്തില്‍ നാടകീയ രംഗങ്ങളാണ് താമരശ്ശേരി കോടതിയില്‍ ഇന്നുണ്ടായത്. ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകന്‍ ബിഎ ആളൂരിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി.
ജോളിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തത് പ്രതിയുടെ അറിവോടെയല്ലെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. താമരശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എടി രാജുവാണ് ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ കോടതി ഇടപെടണമെന്നും സ്വന്തം പ്രശസ്തിക്കായി ആളൂര്‍ ജോളിയെ ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും കോടതിമുറിയില്‍ വച്ച് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
സ്വന്തമായി വക്കീലിനെ നിയമിക്കാന്‍ പ്രാപ്തി ഇല്ലാത്ത പ്രതിക്ക് ആവശ്യമെങ്കില്‍ നിയമസഹായം നല്‍കാന്‍ നിയമമുണ്ട്.എന്നാല്‍ സൗജന്യ നിയമസഹായം നല്‍കാന്‍ ആളെ നിയമിക്കേണ്ടത് കോടതിയാണെന്നും. വിദ്യാസമ്പന്നയായ ജോളിക്ക് തന്‍റെ അഭിഭാഷകന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജോളിയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഇനി ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചത്.
റോയ് വധക്കേസില്‍ ജോളി, മാത്യു,പ്രജു കുമാര്‍ എന്നീ പ്രതികളെ രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടിട്ടുണ്ട്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും എന്നാണ് അറിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam