തിയതിയും സമയവും കുറിച്ചു, നാളെ രാവിലെ 10 മണി; കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും യുഡിഎഫും പ്രകടന പത്രിക പുറത്തിറക്കും

Published : Apr 01, 2026, 11:05 PM IST
pinarayi satheesan

Synopsis

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കി എൽഡിഎഫും യുഡിഎഫും നാളെ പ്രകടന പത്രിക പുറത്തിറക്കും. രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പത്രികയും, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പത്രികയും പ്രകാശനം ചെയ്യും. എൻഡിഎ നേരത്തെ തന്നെ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

കൊച്ചി/കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം എല്ലാ സീമകളും കടന്നുള്ള ആവേശത്തിലെത്തി നിൽക്കുകയാണ്. ഇതുവരെ കേട്ട തന്ത്രങ്ങൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറം എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾക്ക് ജനങ്ങൾക്ക് നൽകാനുള്ള ഉറപ്പുകൾ എന്തെന്ന് നാളെ അറിയാം. ഇരു മുന്നണികളും നാളെ പ്രകടന പത്രിക പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ജനതയുടെ ആകാക്ഷയും ഏറുകയാണ്. ഇരു മുന്നണികളും ഒരേ ദിവസവും ഒരേ സമയവും തെരഞ്ഞെടുത്തതും ശ്രദ്ധേയമായി. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് സി ‌പി‌ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കുക. നാളെ രാവിലെ 10 മണിക്ക് എറണാകുളം അബാദ് പ്ലാസ ഹോട്ടലിലാണ് യു ഡി എഫ് പ്രകടന പത്രികയുടെ പ്രകാശന ചടങ്ങ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

എൽ ഡി എഫ് പ്രകടന പത്രിക

തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. രാവിലെ 10 മണിക്ക് കോഴിക്കോട് സി‌ പി‌ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നടത്തുക. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും. കോൺഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന ഇന്ദിര ഗ്യാരണ്ടിയെ മറികടക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നതും കണ്ടറിയണം.

യു ഡി എഫ് പ്രകടന പത്രിക

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്തൊക്കെയാകും യു ഡി എഫ് പ്രകടന പത്രികയിലുണ്ടാകുക എന്നറിയാനാകും കേരളം ഉറ്റുനോക്കുക. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

എൻ ഡി എ പ്രകടന പത്രിക പുറത്തിറക്കി

അതേസമയം നേരത്തെ തന്നെ എൻ ഡി എ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പ്രകാശനം നടത്തിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽ പി ജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. ഇതിന് പുറമെ ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് സി ബി ഐ അന്വേഷിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, ട്വന്‍റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്, ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണക്കു തീർക്കാൻ യുഡിഎഫ്, കോട്ട കാക്കാൻ എൽഡിഎഫ്, അക്ഷര ന​ഗരി ഇത്തവണ ആർക്കൊപ്പം
കൊല്ലം ജില്ല ഇത്തവണ ആർക്കൊപ്പം? 11 മണ്ഡലങ്ങളിലും പോരാട്ടച്ചൂട്, ചരിത്രം അറിയാം