
തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി സെപ്റ്റംബറിൽ പാസ്സാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർക്കെതിരായ ഇടത് പ്രതിഷേധത്തിന്‍റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻറെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം. 64 ലെ സുപ്രധാനമായ ഭൂമി പതിവ് നിയമത്തിൽ നിർണ്ണായക ഭേദഗതി കൊണ്ടുവന്നാണ് നിയമസഭ ബിൽ പാസ്സാക്കിയത്. പട്ടയഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥ മാറാനായിരുന്നു ബിൽ. പട്ടയഭൂമിയിൽ വർഷങ്ങളായുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് നിയമസാധുത നൽകണമെന്ന കർഷകരുടെ ആവശ്യത്തോട് ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും യോജിപ്പായിരുന്നു. പ്രശ്നത്തിൽ നിയമസഭയിൽ ഏറ്റവും അധികം സബ് മിഷൻ കൊണ്ടുവന്നതും പ്രതിപക്ഷ എംഎൽഎമാർ. പല ബില്ലുകളെയും അതിശക്തമായി എതിർത്ത പ്രതിപക്ഷം ഇതിന് കൈകൊടുത്തപ്പോൾ ക്രമവൽക്കരണത്തിന് ഫീസ് പാടില്ലെന്ന് മാത്രമാണ് ആകെ ആവശ്യപ്പെട്ടത്.
ഒരുനിശ്ചിത ഫീസ് ചുമത്തിയുള്ള ക്രമവൽക്കരണമാണ് റവന്യുവകുപ്പ് ആദ്യം ആലോചിച്ചത്. പക്ഷെ പിന്നീട് സൗജന്യമെന്ന നിലയിലേക്കാണ് ചർച്ചമാറി. ബിൽ ഗവർണർ ഒപ്പിട്ട് നിയമമാകുമ്പോൾ ചട്ടം കൊണ്ടുവരുമ്പോൾ വിശദമായ ചർച്ചക്ക് റവന്യുവകുപ്പ് തീരുമാനിച്ചിരുന്നു. എങ്ങനെ, ആര് ക്രമപ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിനിടെ, ഗവർണറുടെ തീരുമാനം നീണ്ടതോടെയാണ് കർഷകരെ ഇറക്കിയുള്ള ഇടത് പ്രതിഷേധം. ബിൽ പിടിച്ചുവെക്കുന്ന പ്രശ്നത്തിൽ പോരിൽ ഗവർണർക്കെതിരെ അങ്ങനെ ഭൂമിപ്രശ്നവും സിപിഎം ആയുധമാക്കി. ബില്ലിന്‍റെ മറവിൽ കയ്യേറ്റങ്ങൾക്കും സാധുത കിട്ടുമെന്ന ആശങ്കയായിരുന്നു ബിൽ കൊണ്ടുവന്നപ്പോൾ മുതൽ ഉയർന്നത്. പട്ടയഭൂമിയിലെ പാർട്ടി ഓഫീസുകൾക്ക് മുതൽ ക്വാറികൾക്ക് വരെ സാധുത കൈവരുമെന്നായിരുന്നു പ്രധാനപ്രശ്നം.
ഗവർണർക്ക് കിട്ടിയ പരാതികളിലൊന്ന് പരിസ്ഥിതിവാദികളുടേതായിരുന്നു. പുതുതായി പട്ടയഭൂമിയിൽ കെട്ടിടം പണിയാൻ ബിൽ വഴി അനുമതി കിട്ടുന്നില്ല എന്ന പരാതിയും ലഭിച്ചിരുന്നു. ഈ പരാതികൾ രാജ്ഭവൻ സർക്കാറിന് അയച്ചെങ്കിലും മറുപടി കിട്ടിയില്ല.ഗവർണ്ണർ കൃത്യമായ വിശദീകരണം ചോദിച്ചിരുന്നില്ലെന്നും പരാതികൾ അതേ പടി അയക്കുകയായിരുന്നുവെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ മറുപടി. ഇനി ഗവർണ്ണറുടെ അന്തിമതീരുമാനം അനുസരിച്ചാകും ബില്ലിൻറെ ഭാവി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam