ആരാണ് യഥാർത്ഥ ശത്രു; ചെന്നിത്തല തൃപ്പെരുന്തുറയിൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന് വച്ച് എൽഡിഎഫ്, നേട്ടം ബിജെപിക്ക്

By Web TeamFirst Published Jan 12, 2021, 6:31 AM IST
Highlights

സിപിഎം രാജിവെച്ചത് ബിജെപിയുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്നാണ് സിപിഎം വിശദീകരണം.

ആലപ്പുഴ: പ്രതിപക്ഷ നേതാവിന്‍റെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിലെ സഖ്യത്തെച്ചൊല്ലി കൊമ്പുകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്‍റ് സ്ഥാനം സിപിഎം രാജിവെച്ചത് ബിജെപിയുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്നാണ് സിപിഎം വിശദീകരണം. എല്‍ഡിഎഫ് പിന്മാറിയതോടെ ചെന്നിത്തല പഞ്ചായത്തിൽ ബിജെപി ഭരണം പിടിക്കും.

യഥാർത്ഥ ശത്രു ആരെന്ന ആശയക്കുഴപ്പത്തിലാണ് ചെന്നിത്തല പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും. ബിജെപിക്കും യുഡിഎഫിനും ആറുസീറ്റ് വീതം. എല്‍ഡിഎഫിന് അഞ്ച് സീറ്റ്. ഇതാണ് പഞ്ചായത്തിലെ കക്ഷിനില. പട്ടികജാതി വനിതാസംവരണമായിരുന്നു പ്രസിഡന്‍റ് സ്ഥാനം. ഈ വിഭാഗത്തില്‍ ആരും ജയിക്കാത്തതിനാല്‍ യുഡിഎഫ് എല്‍ഡിഎഫിനെ നിരുപാധികം പിന്തുണച്ചു. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്‍റുമായി. പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ ബിജെപി ഭരണം ഒഴിവാക്കുകയായിരുന്നു യുഡിഎഫ് ലക്ഷ്യം.

എന്നാല്‍ ഈ കൂട്ടുകെട്ട് ബിജെപി സംസ്ഥാനമൊട്ടാകെ ആയുധമാക്കിയതോടെ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ സിപിഎം തീരുമാനിച്ചു. അതേസമയം, രാജി തീരുമാനം ബിജെപിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്‍റ് സ്ഥാനം സിപിഎം അന്നുതന്നെ രാജിവെച്ചിരുന്നു. ചെന്നിത്തല തൃപ്പെരുന്തുറയില്‍ സഖ്യം തുടർന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ സഖ്യം തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ രാജി തീരുമാനം. അങ്ങനെ തിരുവന്‍വണ്ടൂരിന് പിന്നാലെ ചെന്നിത്തല പഞ്ചായത്തിലും ഭരണം പ്രതിസന്ധിയിലായി.

കമ്മീഷൻ പ്രത്യേക വിജ്ഞാപനം വന്നശേഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫും എൽഡിഎഫും വഴിപിരിഞ്ഞതോടെ ബിജെപിക്കാണ് ഇനി സാധ്യത. ഈ രണ്ട് പഞ്ചായത്തുകളിൽക്കൂടി അധികാരം ലഭിച്ചാല്‍, ജില്ലയില്‍ ബിജെപി ഭരിക്കുന്ന ഗ്രാമപ‍ഞ്ചായത്തുകളുടെ എണ്ണം നാലാകും.

click me!